ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ചുള്ള ട്വീറ്റില്‍ ലൈക്ക് ചെയ്തതിനെക്കുറിച്ച് അക്ഷയ് കുമാറിന്റെ പ്രതികരണം. അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അത് മനസിലായ ഉടന്‍ പോസ്റ്റ് അണ്‍ലൈക്ക് ചെയ്‌തെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ പൊലീസ് നടപടിയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്ത അക്ഷയ് കുമാറിന്റെ നടപടിയില്‍ നിരവധിപേര്‍ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തി.

ALSO READ: 'കനേഡിയന്‍ കുമാറിനെ ബഹിഷ്‌കരിക്കുക'; അക്ഷയ് കുമാറിനെതിരേ ട്വിറ്ററില്‍ പ്രതിഷേധം

'ജാമില മിലിയയിലെ വിദ്യാര്‍ഥികളുടെ ട്വീറ്റ് ലൈക്ക് ചെയ്തതിനെക്കുറിച്ച്, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അബദ്ധവശാല്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതായിരിക്കണം. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ ആ ട്വീറ്റ് അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. ഇത്തരം നടപടികളെ ഒരു തരത്തിലും ഞാന്‍ പിന്തുണയ്ക്കുന്നില്ല', അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത് ഇപ്രകാരം.

'ദേശി മൊജീറ്റോ' എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് അക്ഷയ് കുമാര്‍ ലൈക്ക് ചെയ്തത്. 'ആശംസകള്‍, ജാമിയ 'ആസാദി' നേടിയെടുത്തിരിക്കുന്നു' എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് അക്രമം അഴിച്ചുവിടുന്നതിന്റേതായിരുന്നു വീഡിയോ. 

 

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോളിവുഡില്‍നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. സംവിധായകന്‍ അനുരാഗ് കാശ്യപ് നിയമത്തിലുള്ള തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇനി നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നും അനുരാഗ് ട്വീറ്റ് ചെയ്തു. യഥാര്‍ഥത്തില്‍ വ്യത്യാസങ്ങളുണ്ടാക്കാന്‍ കഴിയുന്ന ശബ്ദങ്ങള്‍ നിശബ്ദത പാലിക്കുന്നത് തന്നെ കോപാകുലനാക്കുന്നുവെന്നും.