പ്രമുഖ ഛായാഗ്രാഹകനായ വിപിൻ മോഹൻ, താൻ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമായ 'പട്ടണത്തിൽ സുന്ദരനെ'ക്കുറിച്ച് സംസാരിക്കുന്നു
എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്നു വിപിന്‍ മോഹന്‍. രണ്ടായിരത്തിന് ശേഷവും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ആണ് ഛായാഗ്രാഹകനായുള്ള അദ്ദേഹത്തിന്‍റെ അവസാന ചിത്രം തിയറ്ററുകളില്‍ എത്തിയത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഒരു ചിത്രം മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ദിലീപ് നായകനായി 2003 ല്‍ പുറത്തെത്തിയ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രമായിരുന്നു അത്. എന്നാല്‍ തന്‍റെ ഒരേയൊരു സംവിധാന സംരംഭം വിപിന്‍ മോഹന് വലിയ അഭിപ്രായമുള്ള ഒന്നല്ല. കരിയറില്‍ തനിക്ക് പറ്റിയ ഒരു അബദ്ധം എന്നാണ് അദ്ദേഹം ആ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ മോഹന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.
സംവിധാനം ചെയ്ത ഒരേയൊരു ചിത്രമായ പട്ടണത്തില്‍ സുന്ദരനെക്കുറിച്ചുള്ള ചോദ്യത്തിന് വിപിന്‍ മോഹന്‍റെ മറുപടി ഇങ്ങനെ- “അങ്ങനെയൊരു അബദ്ധം ഞാന്‍ ചെയ്തുവച്ചു. ഞാന്‍ വിചാരിച്ചത് മാതിരി കത്തിയില്ല ആ സിനിമ. എനിക്ക് അതില്‍ സങ്കടമുണ്ട്. പടം ഓടുകയൊക്കെ ചെയ്തു. നല്ല അഭിപ്രായമൊക്കെ വന്നു. ഒക്കെ ശരിയാണ്. പക്ഷേ എന്നാലും ഞാന്‍ വിചാരിച്ചത് മാതിരിയല്ല ആ സിനിമ. പുതിയൊരു എഴുത്തുകാരനാണ്. അയാള്‍ വലിയ എഴുത്തുകാരനായി പിന്നീട്. ആ പടം കുറേക്കൂടിയൊക്കെ നന്നാക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്”, വിപിന്‍ മോഹന്‍ പറയുന്നു.
“ഞാന്‍ സംവിധാനം ചെയ്യണമെന്ന് വിചാരിച്ച് ചെയ്ത സിനിമയല്ല അത്. സിന്ധുരാജ് എന്‍റെയടുത്ത് വന്ന് ഈ കഥ പറഞ്ഞു. കഥയൊക്കെ നല്ലതാണ്, പക്ഷേ ആര് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു. സിന്ധുരാജിനും ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ തന്നെ മൂന്നാല് സംവിധായകരെ സമീപിച്ചു. അവര്‍ക്കൊന്നും അതില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അവസാനം ദിലീപ് ആണ് ചോദിച്ചത്, വിപിന്‍ ചേട്ടന്‍ ചെയ്താല്‍ പോരേ എന്ന്. ഞാന്‍ എങ്ങനെ ചെയ്യാനാണ് എന്ന് തിരിച്ച് ചോദിച്ചു. ചേട്ടന് ചെയ്യാന്‍ പറ്റുമെന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ദിലീപിന്‍റെ ഒരു മേല്‍ക്കൈ ഉണ്ടായിരുന്നു എന്‍റെ സംവിധാന സംരംഭത്തില്‍”, വിപിന്‍ മോഹന്‍ പറയുന്നു. സംവിധാനം ചെയ്യണമെന്ന് പിന്നീട് തോന്നിയില്ലേ എന്ന ചോദ്യത്തിന് അതോടെ മതിയായി എനിക്ക് എന്നാണ് ചിരിയോടെ വിപിന്‍ മോഹന്‍റെ മറുപടി.



