Asianet News MalayalamAsianet News Malayalam

മികച്ച നടി അപർണ, നടൻ സൂര്യ, അജയ് ദേവ്ഗൺ, സഹനടൻ ബിജു മേനോൻ; ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. 

The 68th National Film Awards were distributed surya ajay devgan aparna balamurali biju menon
Author
First Published Sep 30, 2022, 6:35 PM IST

ദില്ലി: 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അവാർഡുകൾ വിതരണം ചെയ്തത്. മലയാളത്തിന് ഇത്തവണ 8 പുരസ്കാരങ്ങൾ ആണ് ലഭിച്ചത്.  മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. 

മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയും സ്വീകരിച്ചു. പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സച്ചി കൂടെ ഇല്ലാത്തത് മാത്രമാണ് ദുഃഖം എന്നാണ് ഭാര്യ സിജി പ്രതികരിച്ചത്. 

അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഫാൽക്കെ അവാർഡ് ജേതാവ് ആശാ പരേഖ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നെ പരിഗണിച്ച എല്ലാവർക്കും നന്ദിയെന്നും ജൂറി അംഗങ്ങളോടും പ്രധാന മന്ത്രിയോടും നന്ദി അറിയിക്കുന്നുവെന്നും ആശാ പരേഖ് പറഞ്ഞു. 

പ്രധാന പുരസ്കാരങ്ങൾ ഇങ്ങനെ

മികച്ച നടി : അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ​ഗൺ(തനാജി )
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സംവിധായകൻ:  സച്ചി (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടനം : മാഫിയ ശശി
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ
മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം
പ്രത്യേക പരാമര്‍ശം: വാങ്ക്
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്‍ദിക്കുന്ന കലപ്പ')
മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം
മികച്ച വിദ്യാഭ്യാസ ചിത്രം : 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ). 
മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍. 

അരുൺ ​ഗോപി ചിത്രത്തിൽ രാജ്‌വീറും; ദിലീപ്- തമന്ന ചിത്രം പുരോ​ഗമിക്കുന്നു

വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള (മാലിക്) അവാര്‍ഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. എസ് തമന്‍ സംഗീത സംവിധാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ ജി വി പ്രകാശിന് പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios