Asianet News MalayalamAsianet News Malayalam

കോമാളി രാജാവിന്റെ അപരനായാല്‍, രസിപ്പിച്ച് 'ദ ക്രൗണ്‍ഡ് ക്ലൗണ്‍'- റിവ്യു

രാജാവിന് പകരക്കാനായി കോമാളി എത്തുമ്പോഴുള്ള തമാശകളും പ്രണയവുമെല്ലാമാണ് 'ദ ക്രൗണ്‍ഡ് ക്ലൗണ്‍' പറയുന്നത്.

 

The Crowned Clown K Drama review
Author
First Published Dec 9, 2022, 10:42 AM IST

അപരൻമാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എപ്പോഴും രസമാണ്. എന്നാൽ അപരൻമാർ ഒരു ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമായാലോ? അതെങ്ങനെയുണ്ടാകും?. 'ദ പ്രിസണര്‍ ഓഫ സെൻഡ'എന്ന ആന്റണി ഹോപ്പിന്റെ നോവൽ അങ്ങനെ ഒന്നായിരുന്നു. റൂറിത്താനിയയിലെ രാജാവിന് കിരീടധാരണത്തിന്റെ ദിവസം അതിന് പറ്റാതെ വരുന്നു. അപ്പോൾ അന്നാട് സന്ദർശിക്കാനെത്തുന്ന, രാജാവിനോട് നല്ല രൂപസാദൃശ്യം തോന്നുന്ന അകന്ന ബന്ധുവിനെ രാജാവിന്റെ സ്ഥാനത്തിറക്കുന്നു. യഥാർത്ഥ കിരീടാവകാശി തിരിച്ചെത്തും വരെ കൊട്ടാരവും അധികാരവും ഭരണവും ബന്ധുക്കളും എല്ലാം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ആണ് റുഡോൾഫ് ഏറ്റെടുത്ത് ചെയ്യുന്നത്. അതിൽ തമാശയുണ്ട്, ടെൻഷനുണ്ട്. പ്രണയമുണ്ട്. ഏതാണ്ട് അതുപോലെ ഒരു കഥയാണ് 'ദ ക്രൗണ്‍ഡ് ക്ലൗണ്‍'  എന്ന കെ ഡ്രാമ പറയുന്നത്. 2012ൽ പുറത്തിറങ്ങിയ 'മാസ്‍ക്വറേഡ്' എന്ന സിനിമയുടെ റീമേക്ക് ആയിട്ടാണ് 2019ൽ പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ജോസൺ രാജവംശത്തിലാണ് കഥ നടക്കുന്നത്. യി ഹ്യോൺ രാജാവാകുന്നത് അടുത്ത ബന്ധുക്കളുടെ ചോരപ്പുഴയിലൂടെയാണ്. സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദിയും യി ഹ്യോൺ ആണ്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന ഓരോ ദിവസവും അയാൾ ഭയന്നാണ് കഴിയുന്നത്. തന്നെ ആരെങ്കിലും അധികാരഭ്രഷ്‍ടനാക്കുമെന്നും കൊല്ലുമെന്നും അയാൾ ഭയക്കുന്നു. ഉറ്റവരെ കൊന്നും രാജസിംഹാസനത്തിലിരിക്കാൻ അയാളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‍ത പ്രധാനമന്ത്രിക്കസേരയിൽ എത്തിയ ഷിൻ ചീ സൂ ആണ് ഇപ്പോൾ ഏറ്റവും അധികാരം കയ്യാളുന്നത്. അപ്പോഴും ഹക്സൻ എന്ന ചീഫ്സെക്രട്ടറിയെ യി ഹ്യോണിന് ഇഷ്‍മാണ്, വിശ്വാസവും. രാജാവിനോട് കടപ്പെട്ടിരിക്കുമ്പോള്‍ തന്നെ ചീ സുവിന്റെ രീതികളോട് കടുത്ത വിയോജിപ്പുമുള്ള ആളാണ് ഹക്സൻ.

ഭയവും ആശങ്കകളും മറികടക്കാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് രാജാവ്. പ്രബലകുടുംബത്തിൽ നിന്ന് അയാൾ വിവാഹം കഴിച്ച രാജ്ഞി എല്ലാവരും ആദരിക്കുന്നവളാണ്. മുൻരാജാവിന്റെ ഭാര്യയും കൊട്ടാരത്തിലുണ്ട്. തന്റെ മകനെ കൊന്ന യി ഹ്യോണിനോട് കടുത്ത വൈരാഗ്യം മനസ്സിൽ സൂക്ഷിക്കുന്നുണ്ട് അവർ. പ്രതികാരം ചെയ്യാൻ പല പദ്ധതികളും അവർ ആലോചിക്കുകയും നടപ്പാക്കുകയും ആളെ ഒപ്പം കൂട്ടുകയും ഒക്കെ ചെയ്യുന്നുമുണ്ട്. ചുറ്റുമുള്ള ശത്രുസാന്നിധ്യവും മനസ്സിലെ കുറ്റബോധവും പിന്നെ ഭയവും എല്ലാം കൂടി ഉന്മത്തം കൂട്ടുന്ന  സന്ദർഭങ്ങളിൽ ഒന്നിൽ യി ഹ്യോൺ ഹക്സനോട് ഒരു കാര്യം ആവശ്യപ്പെടുന്നു. തന്നെ പോലെയുള്ള ഒരാളെ തത്കാലം കുറച്ച് ദിവസത്തേക്ക് തനിക്ക് പകരം കൊട്ടാരത്തിലേക്ക് കൊണ്ടുവരാൻ. അതിന് ഹക്സൻ കണ്ടെത്തുന്ന ആൾ, ഒരു തെരുവ് നാടകസംഘത്തിലെ കോമാളിയെ ആണ്. രാജാവിനെ പോലെ തന്നെയാണ് കാണാൻ. ഹക്സൻ പലതു പറഞ്ഞാണ് ഹാ സ്യോണിനെ കൊട്ടാരത്തിലേക്ക് എത്തിക്കുന്നത്.

പിന്നെ എന്തൊക്കെ നടക്കും? ക്രൂരനായ ജനാഭിമുഖ്യം തീരെയില്ലാത്ത യി ഹ്യോൺ എന്ന രാജാവിന് പകരമായി എത്തുന്നത് ആളുകളോട് കരുതലും സഹാനുഭൂതിയും എല്ലാമുള്ള അധ്വാനിയായ ഹാ സ്യോൺ. നന്നായി വായിച്ചിട്ടുള്ള, ആയുധാഭ്യാസിയായ യി ഹ്യോൺ, നൃത്തച്ചുവടുകളുടെ താളബോധമല്ലാതെ വിദ്യാഭ്യാസം ഇല്ലാത്ത ഹാ സ്യോൺ. ഈ വൈരുദ്ധ്യങ്ങൾ എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ നോക്കും? എത്ര നാൾ ഹക്സന് ഈ നാടകം മുന്നോട്ടു കൊണ്ടുപോകാനാകും? യി ഹ്യോൺ മുൻവിധികളോടെ ഭരിച്ച നാട്ടിൽ രാജകുടുംബത്തോടുള്ള എതിർപ്പിന്റെ സ്ഥിതി എന്താകും? യി ഹ്യോണിന്റെ ശത്രുക്കളുടെ നീക്കങ്ങൾ ഹാ സ്യോണിനെ എങ്ങനെ ബാധിക്കും? രാജ്ഞിക്ക് വ്യത്യാസം മനസ്സിലാകുമോ? ഹാ സ്യോണിനും രാജ്ഞിക്കുമിടയിൽ പ്രണയം മൊട്ടിട്ടാൽ? രസകരവും ത്രില്ലിങ്ങും ആയ മുഹൂർത്തങ്ങളുമായിട്ടാണ് 'ദ ക്ലൗൺ പ്രിൻസ്' മുന്നോട്ടു പോവുന്നത്.
ഇരട്ടവേഷത്തിലെത്തുന്ന യോ ജിൻ ഗു അസ്സലായിരിക്കുന്നു. ഹക്സൻ ആകുന്ന കിം സാങ് ക്യുങ് , റാണിയാകുന്ന ലീ സെ യങ് എന്നിവരും തകർത്തു. പിന്നെയുള്ള താരങ്ങളും മോശമാക്കിയില്ല. വലിച്ചുനീട്ടാതെ രസച്ചരട് മുറിയാതെയാണ് പതിനാറ് എപ്പിസോഡും തയ്യാറാക്കിയിരിക്കുന്നത്.  'ദ ക്രൗണ്‍ഡ് ക്ലൗണ്‍' നിങ്ങളെ മുഷിപ്പിക്കില്ല.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷനുമായി 'മൈ നെയിം', റിവ്യു

Follow Us:
Download App:
  • android
  • ios