ശ്രുതി ഹാസൻ അഭിനയിച്ച 'ദി ഐ' എന്ന അന്താരാഷ്ട്ര സിനിമയുടെ ഇന്ത്യൻ പ്രീമിയർ വെഞ്ച് ഫെസ്റ്റിവലിൽ നടക്കും.

ദില്ലി: നടി ശ്രുതി ഹാസന്‍റെ അന്താരാഷ്ട്ര ചിത്രം അരങ്ങേറ്റ ചിത്രം ദി ഐയുടെ ഇന്ത്യൻ പ്രീമിയർ വെഞ്ച് ഫെസ്റ്റിവലിൽ നടക്കും. ഡാഫ്‌നെ ഷ്‌മോൺ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ഇന്ത്യയിലെ പ്രീമിയർ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ നടക്കുന്ന അഞ്ചാമത് വെഞ്ച് ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായിട്ടായിരിക്കും.

ഹൊറർ, സയൻസ് ഫിക്ഷൻ, ഫാന്‍റസി സിനിമകളാണ് ഈ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക.
ഭർത്താവ് ഫെലിക്സ് (മാർക്ക് റൗളി) തിരോധാനം ചെയ്ത വിദൂര ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഡയാനയുടെ (ശ്രുതി ഹാസന്‍റെ) കഥയാണ് ദി ഐ പറയുന്നത്. 

നിഗൂഢമായ കാര്യങ്ങള്‍ സംഭവിക്കുന്ന ഇടത്ത് ഈവിള്‍ ഐ എന്ന ആചാരം വഴി തന്‍റെ ഭര്‍ത്താവിനെ തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് അവള്‍ അറിയുന്നു. അതിന് എന്നാല്‍ വലിയ ത്യാഗങ്ങള്‍ അവള്‍ നടത്തേണ്ടിവരും. ഒരു ഫാന്‍റസി ഹൊറര്‍ ത്രില്ലറാണ് ഐ. 

ഏഥൻസിലെയും കോർഫുവിലെയും ലൊക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ലണ്ടൻ ഇൻഡിപെൻഡന്‍റ് ഫിലിം ഫെസ്റ്റിവലിലെയും ഗ്രീക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഫിംഗര്‍ പ്രിന്‍റ് കണ്ടന്‍റ് ആണ് ചിത്രം നിര്‍മ്മിച്ചത്. 

"സൈക്കോളജിക്കൽ ത്രില്ലറുകൾ എല്ലായ്‌പ്പോഴും എന്നെ ആകർഷിക്കുന്ന ചിത്രങ്ങളാണ്. മനുഷ്യന്‍റെ വികാരങ്ങളിലേക്കും സങ്കടങ്ങളിലേക്കും ആഴ്ന്നിറങ്ങുന്ന അമാനുഷികമായ ഒരു കഥയുടെ ഭാഗമാകുന്നത് ആവേശകരമാണ്. ഐയില്‍ മികച്ച കഥാതന്തുവും മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയും ഉണ്ട്. ഏറെ ആവേശകരമായ കാര്യം ഇതിന്‍റെ നിര്‍മ്മാണത്തിലും ഞാന്‍ സഹകരിച്ചിട്ടുണ്ട്" ശ്രുതി ഹാസന്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചു. 

സലാര്‍ എന്ന പ്രഭാസ് ചിത്രത്തിലാണ് അവസാനം ശ്രുതി ഹാസന്‍ അഭിനയിച്ചത്. ഇപ്പോള്‍ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലും ശ്രുതി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സ്‌പൈഡർമാൻ 4: റിലീസ് തീയതിയില്‍ മാറ്റം, പുതിയ റിലീസ് ഡേറ്റ് ഇങ്ങനെ

തമിഴിലെ യുവ സംവിധായകന്‍ കഥ പറഞ്ഞു; ചിത്രത്തോട് നോ പറഞ്ഞ് രജനികാന്ത്, കാരണം ഇതാണ്