പുതുവത്സര ദിനത്തില്‍ മലയാളസിനിമാലോകത്തുനിന്നുണ്ടായ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഡയറക്ട് ഒടിടി റിലീസ്. ടീസറിനൊപ്പമാണ് ചിത്രം ആമസോണ്‍ പ്രൈം റിലീസ് ആയിരിക്കുമെന്ന വിവരവും പ്രേക്ഷകരിലേക്ക് എത്തിയത്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി മുഖ്യമന്ത്രി അതേദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് വലിയ ചര്‍ച്ചകള്‍ സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നതായി പ്രഖ്യാപനം എത്തിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രമാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.

പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ 'നീസ്ട്രീമി'ലൂടെയാണ് (Neestream) ചിത്രം റിലീസ് ചെയ്യപ്പെടുക. മലയാളത്തിലെ ആദ്യത്തെ ആഗോള സ്ട്രീമിംഗ് സര്‍വ്വീസ് എന്നാണ് ഈ ഒടിടി പ്ലാറ്റ്ഫോമിനെ അതിന്‍റെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ചിത്രം നീസ്ട്രീമിലൂടെ എത്തും എന്നതല്ലാതെ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

'കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.