6 ടണ്‍ ഭാരമാണ് ഈ വാഹനത്തിന്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങള്‍ ഒരുങ്ങുന്നത് തെലുങ്കിലാണ്. അത് പാന്‍ ഇന്ത്യന്‍ തലത്തില്‍ എല്ലാ ഭാഷാപതിപ്പുകളിലുമായി പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യും. കല്‍ക്കി 2898 എഡിയാണ് ടോളിവുഡില്‍ നിന്ന് ഇന്ത്യന്‍ സിനിമയ്ക്കുള്ള പുതിയ സമ്മാനം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 700 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസിനൊപ്പം ആ കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷല്‍ കാര്‍ ബുജ്ജിയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ കാറിന് മാത്രമായി നിര്‍മ്മാതാക്കള്‍ക്ക് ചെലവായ തുക സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

6 ടണ്‍ ഭാരം വരുന്ന ഈ വാഹനത്തിന്‍റെ നിര്‍മ്മാണത്തിന് മാത്രം നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസിന് ചെലവായ തുക 7 കോടിയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ നിര്‍മ്മാണത്തിനായി മഹീന്ദ്രയുടെയും ജേയം ഓട്ടോമോട്ടീവിന്‍റെയും സഹായം അണിയറക്കാര്‍ തേടിയിരുന്നു. ഇരു കമ്പനികളും ഡെവലപ്മെന്‍റില്‍ പങ്കാളികളാവുകയും ചെയ്തു. 6075 മില്ലിമീറ്റര്‍ നീളവും 3380 മില്ലിമീറ്റര്‍ വീതിയും 2186 മില്ലിമീറ്റര്‍ ഉയരവുമാണ് ബുജ്ജി എന്ന ഈ വാഹനത്തിന് ഉള്ളത്. 

പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ ഉറ്റചങ്ങാതിയായിക്കൂടിയാണ് ബുജ്ജിയെ ചിത്രത്തില്‍ സംവിധായകന്‍ നാഗ് അശ്വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൈരവയ്ക്കുമേല്‍ വരുന്ന പ്രതിബന്ധങ്ങളില്‍ നിന്ന് അതിവേഗത്തില്‍ രക്ഷിച്ചുകൊണ്ട് പോകുന്ന സൂപ്പര്‍ കാര്‍ ആണിത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും; 'വിശേഷം' ട്രെയ്‍ലര്‍ എത്തി

Bujji Theme Music | Kalki 2898 AD | Prabhas | Santhosh Narayanan | Nag Ashwin