രജനികാന്തിന്റെ സിനിമാ ജീവിതത്തിലെ 50 വർഷങ്ങൾ പ്രമാണിച്ച്, 1999-ൽ പുറത്തിറങ്ങിയ 'പടയപ്പ' വീണ്ടും റിലീസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 12-ന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് കെ.എസ് രവികുമാർ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ 'പടയപ്പ' എന്ന ചിത്രം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. രജനികാന്ത് സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിൽ ആദരമർപ്പിച്ചുകൊണ്ടാണ് റീ റിലീസ് വരുന്നത്. രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 12 നാണ് ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പടയപ്പ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഇതിനോടനുബന്ധിച്ച് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. നീലാംബരി എന്നാണ് ചിത്രത്തിന്റെ പേരെന്നും, 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ തനിക്ക് വന്നുവെന്നും രജനികാന്ത് പറഞ്ഞിരുന്നു. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ഐശ്വര്യ റായ്‌യെ ആയിരുന്നുവെന്നും രജനികാന്ത് കഹ്‌സീൻജ ദിവസം പറഞ്ഞിരുന്നു. "സിനിമയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും പിന്നീട് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്." രജനികാന്ത് പറയുന്നു.