ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ദി സീക്രട്ട് ഓഫ് വിമെന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടി നിരഞ്ജന അനൂപ് ആണ്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും പ്രജേഷ് സെന്‍ മൂവി ക്ലബ്ബിന്‍റെ ബാനരില്‍ പ്രജേഷ് സെന്‍ തന്നെയാണ്. 

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കം ചിത്രം പ്രഖ്യാപിച്ചത്. ലിബിസണ്‍ ഗോപിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം അനില്‍ കൃഷ്ണ. പശ്ചാത്തലസംഗീതം ബിജിബാല്‍. കഥ പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രവികുമാര്‍. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. 

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വി പി സത്യന്‍റെ ജീവിതം പറഞ്ഞ 'ക്യാപ്റ്റന്‍' ആയിരുന്നു പ്രജേഷ് സെന്നിന്‍റെ ആദ്യചിത്രം. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ലഭിച്ച ചിത്രമായിരുന്നു ഇത്. ആദ്യചിത്രത്തില്‍ 'ക്യാപ്റ്റനാ'യ ജയസൂര്യ തന്നെയാണ് പ്രജേഷിന്‍റെ രണ്ടാംചിത്രമായ 'വെള്ള'ത്തിലും നായകന്‍. മദ്യാസക്തിയുള്ള മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. 'വെള്ളം-ദി എസന്‍ഷ്യല്‍ ഡ്രിങ്ക്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. കൊവിഡ് കാരണം റിലീസ് മാറ്റിവച്ചിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രവും.