തമിഴ്നാട്ടിലെ പ്രശസ്‍ത വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രം നേടിയ വിജയത്തെക്കുറിച്ച് പറയുന്നു

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രത്യേകതകളുള്ള ഫിലിം ഫ്രാഞ്ചൈസിയാണ് സിബിഐ ഉദ്യോഗസ്ഥന്‍ 'സേതുരാമയ്യരു'ടേത്. പല കാലങ്ങളിലായി നാല് ചിത്രങ്ങള്‍ ഇതിനകം പുറത്തിറങ്ങിയ സിരീസിലെ അഞ്ചാം ചിത്രവും വൈകാതെ ആരംഭിക്കും. സിരീസിലെ ആദ്യ ചിത്രമായിരുന്നു 1988ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പ്'. കേരളത്തില്‍ വന്‍ തിയറ്റര്‍ വിജയം നേടിയ ചിത്രം തമിഴ്നാട്ടിലെ പല സെന്‍ററുകളിലും അത്ഭുത വിജയം നേടി. തമിഴ്നാട്ടില്‍ മലയാളസിനിമകള്‍ക്ക് വലിയ പ്രേക്ഷകപ്രീതി ഇല്ലാതിരുന്ന കാലത്ത് അത്തരത്തില്‍ വിജയം കണ്ടെത്തിയ ചിത്രമായിരുന്നു സിബിഐ ഡയറിക്കുറിപ്പ്. തമിഴ്നാട്ടിലെ പ്രശസ്‍ത വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രം നേടിയ വിജയത്തെക്കുറിച്ച് പറയുന്നുണ്ട്.

ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്താല്‍ 1.95 ലക്ഷം രൂപയ്ക്കാണ് താന്‍ ചിത്രം വിതരണത്തിന് എടുത്തതെന്നും എന്നാല്‍ കോയമ്പത്തൂരിലെ ഒരു തിയറ്ററില്‍ നിന്നു മാത്രം അക്കാലത്ത് 3 ലക്ഷം ഷെയര്‍ ലഭിച്ചെന്നും സുബ്രഹ്മണ്യം പറയുന്നു- "അത് തമിഴ്നാട്ടില്‍ മലയാള സിനിമയ്ക്ക് വലിയ സ്വീകാര്യത ഇല്ലാതിരുന്ന കാലമാണ്. ആയിടയ്ക്കാണ് ഒരു സുഹൃത്ത് ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് ഒരു സിബിഐ ഡയറിക്കുറിപ്പ് വാങ്ങിവന്നത്. കോയമ്പത്തൂര്‍ കെജി തിയറ്റര്‍ കണ്‍ഫേം ചെയ്‍തിട്ട് സിനിമ ഞാന്‍ വാങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 20,000 രൂപ കൂട്ടി 1.95 ലക്ഷത്തിന് പടം ഞാന്‍ വാങ്ങി. കെജി തിയറ്ററില്‍ സിനിമ റിലീസ് ആയി. റിലീസ് ദിവസത്തെ കളക്ഷനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. നാല് പ്രദര്‍ശനങ്ങളും ഹൗസ്‍ഫുള്‍ ആയിരുന്നു. മലയാളസിനിമ അതിനുമുന്‍പ് തമിഴ്നാട്ടില്‍ അങ്ങനെ ഓടിയിട്ടേയില്ല. 1.95ന് ഞാന്‍ വാങ്ങിയ പടം കോയമ്പത്തൂര്‍ കെജി തിയറ്ററില്‍ മാത്രം 3 ലക്ഷം രൂപ ഷെയര്‍ വന്നു. അതേ നിര്‍മ്മാതാവിന്‍റെ 'ഓഗസ്റ്റ് 1'ഉും ഞാന്‍ പിന്നാലെ വാങ്ങി", സുബ്രഹ്മണ്യം പറയുന്നു.

സിബിഐ ഡയറിക്കുറിപ്പിന്‍റെ വന്‍ വിജയത്തിനു ശേഷം എസ് എന്‍ സ്വാമി- കെ മധു ടീം തൊട്ടടുത്ത വര്‍ഷം ചിത്രത്തിന്‍റെ രണ്ടാംഭാഗമായ ജാഗ്രത പുറത്തിറക്കി. മൂന്നാംഭാഗമായ സേതുരാമയ്യര്‍ സിബിഐ 2004ലും നാലാംഭാഗമായ നേരറിയാന്‍ സിബിഐ 2005ലും പുറത്തെത്തി. അഞ്ചാം ഭാഗത്തിന്‍റെ രചന എസ് എന്‍ സ്വാമി നേരത്തേ പൂര്‍ത്തീകരിച്ചതാണ്. കൊവിഡ് സാഹചര്യത്തിലാണ് ചിത്രീകരണം വൈകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona