കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രതിസന്ധിയും രൂക്ഷമാകുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ നമ്മള്‍ രംഗത്ത് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.

നിരവധി ചാരിറ്റി സംഘടനകള്‍ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് ഉണ്ട്. കൊവിഡ് 19നെയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന അവസ്ഥകളെയും നേരിടുന്നതിനായി പ്രധാനമന്ത്രി പിഎം കെയേഴ്‍സ് പ്രഖ്യാപിച്ചിരുന്നു. രോഗം നേരിടുന്നവരെ സഹായിക്കാനാണ് പ്രധാനമായും ഇത്. പിഎം കെയേഴ്‍സിലേക്ക് താനും ഭര്‍ത്താവ് നിക്ക് ജൊനാസും പണം നല്‍കിയെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കുന്നു. അതേസമയം എത്രയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെ യുണിസെഫ്, ഫീഡിംഗ് അമേരിക്ക, ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്‍സ്, നോ കിഡ് ഹംഗ്രി തുടങ്ങിയ ചില ചാരിറ്റി സംഘടനകള്‍ക്കും പണം നല്‍കിയിട്ടുണ്ട്. കൊവിഡിനെതിരെ പോരാടാൻ പണം കണ്ടെത്തുന്നതിന് സഹായിക്കാൻ ആരാധകരോടും പ്രിയങ്ക ചോപ്ര അഭ്യര്‍ഥിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ചെയ്‍തുകൊണ്ടിരിക്കുന്ന എല്ലാത്തിനും നന്ദി. നിങ്ങളുടെ സഹായം വേണം. ഒരു സഹായവും ചെറുതല്ല. ഇതിനെ തോല്‍പ്പിക്കാൻ നമുക്ക് ഒന്നിച്ചുനിന്ന് ലോകത്തെ സഹായിക്കാമെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.