ബോളിവുഡില്‍ തനിക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഗൂഢസംഘമുണ്ടെന്ന് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് എ ആര്‍ റഹ്‍മാൻ ഇക്കാര്യം പറയുന്നത്.

ഞാൻ ഒരിക്കലും നല്ല സിനിമകളോട് നോ പറഞ്ഞിട്ടില്ല. പക്ഷേ എനിക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു സംഘമുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. മുകേഷ് ഛബ്ര എന്നെ സമീപിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് ഗാനങ്ങള്‍ ഞാൻ അദ്ദേഹത്തിന് നല്‍കി. എ ആര്‍ റഹ്‍മാന്റെ അടുത്ത് പോകേണ്ടെന്ന് പലരും പറഞ്ഞെന്ന് അദ്ദേഹം എന്നോട് വെളിപ്പെടുത്തി. പല കഥകളും പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് തിരിച്ചറിവുണ്ടായി. എന്തുകൊണ്ടാണ് എനിക്ക് ഹിന്ദി സിനിമകള്‍ കുറയുന്നത് എന്ന്. എന്തുകൊണ്ടാണ് എനിക്ക് നല്ല സിനിമകള്‍ ലഭിക്കാത്തത് എന്ന്. സാധാരണ ചിത്രങ്ങള്‍ എനിക്ക് ലഭിക്കാത്തത് അവിടെയുള്ള ഗ്യാംഗ് എനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് എന്നും എ ആര്‍ റഹ്‍മാൻ പറയുന്നു. സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന സിനിമയ്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് എ ആര്‍ റഹ്‍മാനാണ്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്‍തത്.