ജെ എന്‍ യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐ എം ബി ഡിയില്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍. ഐ എം ബി ഡി റേറ്റിങ്  മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ലെന്ന് ദീപിക വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് നടി തന്‍റെ നിലപാടിലുറച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു  ദിവസം മുന്‍പായിരുന്നു അത്. എന്നാല്‍ ഛപാക്കിന്‍റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ദീപികയ്‌ക്കെതിരേയും സിനിമയ്‌ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്. 

ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ദീപകിയ്ക്കെതിരെ ഹേറ്റ് ക്യാംപയിന്‍ നടന്നു. പിന്നാലെ ഐ എം ബി ഡിയില്‍ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റിങ് വന്നു. അതെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തില്‍ ദീപികയോട് ചോദിച്ചു.  ഐ എം ബി ഡി റേറ്റിങ്  മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ല എന്നായിരുന്നു ദീപികയുടെ ഉത്തരം. ജെ എന്‍.യു വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ  ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.