നെടുമുടി വേണുവിനോട് പരസ്യമായി മാപ്പു പറഞ്ഞ് തിലകന്റെ മകള്‍ രംഗത്ത് എത്തിയിരിക്കുന്നു.

നെടുമുടി വേണു തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്ന് തിലകൻ ഒരിക്കല്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ ഭരതം, ഹിസ് ഹൈനസ് അബ്‍ദുള്ള എന്നീ സിനിമകളിലെ വേഷം നെടുമുടി വേണു തട്ടിയെടുത്തുവെന്നായിരുന്നു തിലകൻ പറഞ്ഞത്. എന്നാല്‍ അവസരം നിഷേധിച്ചെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസും പിന്നീട് പറഞ്ഞു. ഇപ്പോഴിതാ നടൻ നെടുമുടി വേണുവിനോട് പരസ്യമായി മാപ്പു പറഞ്ഞ് തിലകന്റെ മകള്‍ രംഗത്ത് എത്തിയിരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതു ചടങ്ങ് ഉല്‍ഘാടനം ചെയ്‍തത് നെടുമുടി വേണുവായിരുന്നു. തിലകന്റെ മകള്‍ സോണിയ ആശംസ പ്രസംഗം നടത്തുകയായിരുന്നു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു എന്നാണ് സോണിയ പറഞ്ഞത്. വേണു സാര്‍ ഇരിക്കുന്ന വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‍നങ്ങളും ശത്രുതയും എല്ലാവര്‍ക്കുമറിയാം. ആ പ്രശ്‍നം ഉള്ളപ്പോള്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്‍ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമുക്കിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്‍മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു- സോണിയ പറഞ്ഞു. സോണിയ പ്രസംഗം അവസാനിപ്പിച്ച് എത്തിയപ്പോള്‍ നെടുമുടി വേണു എത്തി ആശ്വസിപ്പിക്കുയും ചെയ്‍തു.