മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ 'റേജിംഗ് ബുള്‍' തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് പ്രിയന്‍

'മരക്കാറി'നു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം ഒരു സ്പോര്‍ട്‍സ് ഡ്രാമയാണെന്നും ചിത്രത്തില്‍ മോഹന്‍ലാലിന്‍റേത് ഒരു ബോക്സര്‍ ആണെന്നുമൊക്കെ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തിവന്നിരുന്നു. മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലിക്കുന്ന ചില ചിത്രങ്ങള്‍ ഫാന്‍ ഗ്രൂപ്പുകളിലൂടെയും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്‍നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം 'റേജിംഗ് ബുള്‍' തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് പറയുന്ന പ്രിയന്‍ ഇത് തങ്ങളുടെ 'റേജിംഗ് ബുള്‍' ആയിരിക്കുമെന്നും പറയുന്നു.

"ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്‍സ് സിനിമ ഞങ്ങള്‍ ചെയ്‍തിട്ടില്ല", ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

ചിത്രത്തിലെ കഥാപാത്രത്തിനായി മോഹന്‍ലാല്‍ വലിയ രീതിയില്‍ ശരീരം ഒരുക്കിയെടുക്കേണ്ടതുമുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു. "ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ", പ്രിയദര്‍ശന്‍ ചോദിക്കുന്നു.

അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്സറും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായിരുന്ന ജേക് ലമോട്ടയുടെ ജീവിതത്തെ ആസ്‍പദമാക്കി മാര്‍ട്ടിന്‍ സ്കോര്‍സെസെ 1980ല്‍ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു റേജിംഗ് ബുള്‍. ലമോട്ടയെ അവതരിപ്പിച്ച റോബര്‍ട്ട് ഡി നീറോയ്ക്ക് മികച്ച നടനുള്ള ഓസ്‍കര്‍ നേടിക്കൊടുത്ത ചിത്രം മികച്ച എഡിറ്റിംഗിനുള്ള ഓസ്‍കറും നേടിയിരുന്നു. മറ്റനവധി അന്തര്‍ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona