Asianet News MalayalamAsianet News Malayalam

ജോലി, പണം, പ്രണയം, എല്ലാം കൈവിട്ടുപോകുമ്പോൾ! ചിരിയുടെ മധുരം വിളമ്പാൻ 'തോൽവി എഫ് സി', അതീവ രസകരം ടീസർ

ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതും സോഷ്യൽമീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു

Tholvi FC Movie all details here Teaser out Sharaf U Dheen movie latest news asd
Author
First Published Sep 14, 2023, 12:15 AM IST

ചിരിയുടെ മധുരം വിളമ്പുന്നൊരു രസികൻ കുടുംബ കഥയുമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'തോൽവി എഫ്‍സി'യുടെ കൗതുകമുണർത്തുന്ന ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി ഒരു കൂടപ്പിറപ്പിനെപ്പോലെയായി തീർന്നിരിക്കുകയാണ്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന പരിശ്രമങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ അവതരിപ്പിക്കുകയാണ് 'തോൽവി എഫ്‍സി'യിലൂടെ. തോൽവി അത്ര നിസ്സാര കാര്യമല്ലെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ടെന്നാണ് ടീസറിൽ നിന്ന് അറിയാനാകുന്നത്.

ആ കാര്യത്തിൽ ദുൽഖറും ഫഹദും എന്നെ ഞെട്ടിച്ചു, കാശിന് വേണ്ടി ഞാൻ പടം ചെയ്യുന്നില്ല: ചാക്കോച്ചൻ

ബാംഗ്ലൂരിൽ കംഫർട്ടബിളായ ഐടി ജോലി വിട്ട് സ്വന്തം നാട്ടിൽ ചായ് നേഷൻ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ. കളിക്കുന്ന എല്ലാ കളികളിലും തോൽവി മാത്രം സ്വന്തമാക്കുകയാണ് കുരുവിളയുടെ രണ്ടാമത്തെ മകന്‍റെ ഫുട്ബോള്‍ ക്ലബ്ബായ തമ്പി എഫ്.സി. ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് പറ്റിക്കപ്പെടുകയാണ് കുരുവിള. ഇവരുടേയും ഇവരുമായി ബന്ധപ്പെടുന്നവരുടേയും ജീവിതങ്ങളാണ് ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന സിനിമ മുന്നോട്ടുവയ്ക്കുന്നത്.  കുരുവിളയായി ജോണി ആന്‍റണിയും ഉമ്മനായി ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്.

ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതും സോഷ്യൽമീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു. ജോർജ് കോരയാണ് സംവിധാനത്തിന് പുറമെ 'തോൽവി എഫ്‌സി'യുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുരുവിളയുടെ ഇളയമകന്‍റെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ്ജ് കോരയാണ്.

പ്രേക്ഷകരേവരും ഏറ്റെടുത്ത 'തിരികെ' എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അദ്ദേഹം 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് 'തോൽവി എഫ്‍സി'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് 'തോൽവി എഫ്‌സി'യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റ‍‍ര്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍: ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്,  പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെപി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്നർ‍ തോമസ്, വിഎഫ്എക്സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് മോഹൻ, ഗാനരചന: വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, സ്റ്റിൽസ്: അമൽ സി സദർ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പിആർഒ: ഹെയ്ൻസ്,  ഡിസൈൻസ്: മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios