മുഖ്യധാരാ തെലുങ്ക് സിനിമയ്ക്ക് ഇന്ത്യയൊട്ടാകെ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത സിനിമയാണ് ബാഹുബലി. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസിനും വന്‍ കരിയര്‍ ബ്രേക്ക് ആണ് ചിത്രം നല്‍കിയത്. തെലുങ്ക് സിനിമയുടെ തലവര മാറ്റിയെഴുതിയ ബോക്സ് ഓഫീസ് വിജയത്തിനു പിന്നാലെ പ്രഭാസിനെ തേടി വന്‍ പ്രോജക്ടുകള്‍ നിരനിരയായി എത്തി. ഒപ്പം അദ്ദേഹത്തിന്‍റെ പ്രതിഫലവും വര്‍ധിച്ചു. ഇപ്പോഴിതാ വരാനിരിക്കുന്ന നാല് ചിത്രങ്ങള്‍ക്കായി അദ്ദേഹം ആദ്യം വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 

 

രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം 'രാധേ ശ്യാം', നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ്, ഇന്ന് പ്രഖ്യാപിക്കപ്പെട്ട, 'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'സലാര്‍' എന്നിവയാണ് പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍. ഇവയെല്ലാം ബിഗ് ബജറ്റുകളാണ്.

 

പ്രഭാസിന്‍റെ നായികയായി പൂജ ഹെഗ്‍ഡെ എത്തുന്ന രാധെ ശ്യാമിന്‍റെ ബജറ്റ് 250 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2022 ഓഗസ്റ്റ് 11ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ആദിപുരുഷിന്‍റെ ബജറ്റ് ഇതിലും ഉയര്‍ന്നതാണ്. 450 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ തെലുങ്ക് അരങ്ങേറ്റം കൂടിയായ നാഗ് അശ്വിന്‍ ചിത്രത്തിന്‍റെ ബജറ്റ് 300 കോടി ആണെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതായത് പ്രഭാസിന്‍റേതായി വരാനിരിക്കുന്ന നാല് സിനിമകളില്‍ മൂന്നെണ്ണത്തിന്‍റെ മുതല്‍മുടക്ക് ചേര്‍ത്തുവച്ചാല്‍ 1000 കോടി വരും!

 

ബാഹുബലിക്കു ശേഷം ഒരു പ്രഭാസ് ചിത്രത്തിന് ഇന്ത്യ മുഴുവന്‍ ലഭിക്കുന്ന ശ്രദ്ധ ഉന്നം വച്ചുള്ളതാണ് ഈ പ്രോജക്ടുകളെല്ലാം. ബഹുഭാഷാ പതിപ്പുകളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള വന്‍ റിലീസുകളുമാണ് നിര്‍മ്മാതാക്കള്‍ സ്വപ്നം കാണുന്നത്. 75-80 കോടിയാണ് പ്രഭാസ് നിലവില്‍ ഒരു ചിത്രത്തിന് വാങ്ങിക്കൊണ്ടിരിക്കുന്നത്. ചില പ്രോജക്ടുകള്‍ക്ക് 10 ശതമാനം ലാഭവിഹിതം എന്നതും അദ്ദേഹം കരാറില്‍ ഉള്‍പ്പെടുത്താറുണ്ട്. വരാനിരിക്കുന്ന നാല് സിനിമകള്‍ക്കുകൂടി പ്രഭാസ് വാങ്ങുന്ന പ്രതിഫലം ഉദ്ദേശം 400 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ഇത്രയും ബിഗ് ബജറ്റ് സിനിമകള്‍, അതും തുടര്‍ച്ചയായി നിലവില്‍ കരാറായിരിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ താരവും ഇല്ല എന്നു വേണം കരുതാന്‍.