ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നുവെന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തുടരും. മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചത്. തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്.

ആമിര്‍ ഖാന്റെയും അജയ് ദേവ്‍ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയത്. ഇത്രയും വലിയ ഒരു ചിത്രം എങ്ങനെ കുറഞ്ഞ ബജറ്റില്‍ ചെയ്യാൻ കഴിയുന്നു എന്നാണ് അവര്‍ക്ക് അറിയേണ്ടത്. റീമേക്കിന്റെ സാധ്യതകള്‍ നിലവിലുണ്ട്. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാൻ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാൻ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. കാരണം അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉണ്ടല്ലോ. അദ്ദേഹത്തിന്റെ അച്ഛൻ സ്റ്റണ്ട് മാസ്റ്ററായിരുന്നു. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം നേടിയപ്പോള്‍ വിദേശത്ത് 94.35 കോടി രൂപയും നേടിയിട്ടുണ്ട്.

മോഹൻലാലിന് പുറമേ ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, 'തുടരും' പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക