ടൈഗർ ഷ്റോഫിന് എതിരായ വെടിവയ്പ്പ് കേസിൽ ആയുധങ്ങൾ എത്തിച്ച രണ്ട് പേർ കൂടി അറസ്റ്റിലായി. സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ സംഘം റൺബീർ കപൂറിന്റെ വീടും നിരീക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രതികളെ ഒക്ടോബർ 31 വരെ കസ്റ്റഡിയിൽ വിട്ടു, എന്നാൽ തോക്കുകൾ കണ്ടെത്താനാവാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്.

മുംബൈ: നടൻ ടൈഗർ ഷ്റോഫിന് എതിരായ വെടിവയ്പ്പ് കേസിൽ രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. അക്രമികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു. അറസ്റ്റിലായവർ പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി മുംബൈയിൽ തങ്ങളുടെ താമസസ്ഥലം പലതവണ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പിടികൂടിയ നാല് പേരെ ഇന്ന് പുലർച്ചെയോടെ മുംബൈയിലേക്ക് എതിച്ചു.

പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് പ്രതികളുടെ നീക്കങ്ങളെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ കിട്ടി. ബോളിവുഡ് താരം സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ സംഘം, പിന്നീട് സുരക്ഷ താരതമ്യേന കുറവുള്ള മറ്റ് പ്രമുഖ നടന്മാരെ ലക്ഷ്യമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി റൺബീർ കപൂറിന്റെ ബാന്ദ്രയിലെ വീടും ഈ സംഘം നിരീക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

കോട്ടയിൽ നിന്ന് പിടിയിലായ ഫൂൽ സിംഗ്, റൈഹാൻ അൻസാരി, റിതിക് കുമാർ എന്നീ മൂന്ന് ഷൂട്ടർമാരെയും മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇവരെ ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ 25000 രൂപ മുടക്കി സെക്കൻ്റ് ഹാൻ്റ് ബൈക്ക് വാങ്ങിയിരുന്നതായും റൈഹാൻ അൻസാരിയുടെ അക്കൗണ്ടിലേക്ക് 37,000 രൂപ മാറ്റിയതായും പൊലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി. ഷൂട്ടർമാർ ഉപയോഗിച്ച തോക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് അന്വേഷണത്തിൽ വെല്ലുവിളിയാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ നശിപ്പിച്ചതും തിരിച്ചടിയാണ്.