കഴിഞ്ഞ ഭരണകാലത്ത് ഹർത്താലുകൾ ഇല്ലാതിരുന്നതാണ് യുഡിഎഫ് വിജയത്തിന് കാരണമെന്നും രഞ്ജിത്ത് ശങ്കര്‍
സമരകാലം തുടങ്ങിയെന്നും ആദ്യ ഹര്‍ത്താലിനായി കാത്തിരിക്കുകയാണെന്നും ആക്ഷേപഹാസ്യ പോസ്റ്റുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. തലസ്ഥാനത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് ശങ്കറിന്‍റെ പോസ്റ്റ്. അതേസമയം എസ്എസ്ഐയുടെ പ്രതിഷേധമെന്ന് പോസ്റ്റില്‍ ഇല്ല. ഒപ്പം യുഡിഎഫിന്‍റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മറ്റൊരു പോസ്റ്റും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു ഹർത്താൽ പോലും പ്രതിപക്ഷം നടത്തിയില്ല എന്ന പുതിയകാല കാഴ്ചപ്പാടിന് ജനം നൽകിയ വിജയമാണ് ഈ ഭരണം. പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു, എന്നായിരുന്നു സംവിധായകന്‍റെ കുറിപ്പ്.

പോസ്റ്റിലെ ഒരു കമന്‍റിനും രഞ്ജിത്ത് ശങ്കര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടില്‍ പാവപ്പെട്ടവനെന്നും പണക്കാരനെന്നും വേര്‍തിരിവ് ഉണ്ടാക്കണോ എന്ന ചോദ്യത്തിന് രഞ്ജിത്തിന്‍റെ മറുപടി ഇങ്ങനെ- ലോകം ഓൺലൈൻ ആയി മാറി കഴിഞ്ഞ സാഹചര്യത്തിൽ ഇന്ന് ഒരു ഹർത്താൽ കൊണ്ട് ബുദ്ധിമുട്ടുന്നത് പാവപ്പെട്ട ദിവസക്കൂലിക്കാരും ചെറുകിട കച്ചവടക്കാരും അല്ലേ. അതേസമയം രഞ്ജിത്ത് ശങ്കറിനെ വിമര്‍ശിച്ചുള്ള കമന്‍റുകളും പോസ്റ്റില്‍ ഉണ്ട്. ഹര്‍ത്താല്‍ നടത്താനുള്ള ഒരവസരവും മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നില്ല എന്നാണ് ഒരു കമന്‍റ്.
അതേസമയം കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്താണ് ഇന്നലെ രാത്രിയോടെ കെഎസ്‍യു, എസ്എഫ്‍ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.



