തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു പോസ്റ്റ് വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് നടന്‍ ടിനി ടോം. തന്റെ പോസ്റ്റ് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും പ്രധാനമന്ത്രിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് ലൈവിലെത്തി ടിനിടോം വ്യക്തമാക്കി.

'ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഞാന്‍ പോസ്റ്റ് ചെയ്തതിനെ വേറെ രീതിയില്‍ വ്യാഖ്യാനിച്ചതുകൊണ്ടാണ് അത് തെറ്റായത്. ഞാന്‍ ഉദ്ദേശിച്ചത് അതല്ല. പൗരത്വബില്ലിനെച്ചൊല്ലി എന്തിനാണ് പ്രശ്‌നങ്ങള്‍ എന്ന അര്‍ഥത്തിലാണ് ആ പോസ്റ്റ് ചെയ്തത്. ഒരാളുടെ മനസ് വേദനിപ്പിക്കാന്‍ എനിക്കറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരിക്കലും ഒരു പ്രസ്ഥാനത്തിനെതിരേ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിക്കലും പ്രധാനമന്ത്രിക്ക് എതിരായി ഞാന്‍ പറഞ്ഞിട്ടില്ല. മുന്‍പ് മമ്മൂക്കയെ നായകനാക്കി ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നും എന്നൊരു പ്രചരണവും നടന്നിരുന്നു. അതും ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളതല്ല, ടിനി ടോം പറഞ്ഞു.

മുന്‍പൊരു നാട്ടില്‍ അക്രമാസ്‌ക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു എന്ന് എഴുതിയിട്ടുള്ള ഒരു ചിത്രമാണ് ടിനി ടോം ഇന്ന് രാവിലെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് സിനിമാതാരങ്ങള്‍ തങ്ങളുടം നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിനി ടോമിന്റെ പോസ്റ്റും വന്നതിനാല്‍ അത്തരത്തിലാണ് വായനകളുണ്ടായത്. എന്നാല്‍ ഈ പോസ്റ്റിനെച്ചൊല്ലി സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് പറഞ്ഞിരിക്കുന്നത്.