ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക

പുതിയ പ്രോജക്റ്റുകളുടെ പേരില്‍ ബോളിവുഡില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തുന്ന യുവനടന്മാരില്‍ പ്രധാനിയാണ് രണ്‍ബീര്‍ കപൂര്‍. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ബ്രഹ്‍മാസ്ത്രയ്ക്കു ശേഷം അദ്ദേഹം നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലവ് രഞ്ജന്‍ ആണ്. പ്യാര്‍ ക പഞ്ച്നമയും ആകാശ്‍വാണിയുമൊക്കെ ഒരുക്കിയ സംവിധായകന്‍. പ്രേക്ഷകരില്‍ സസ്പെന്‍സ് നിറച്ച ഒരു ക്യാംപെയ്നിനു ശേഷം ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ന് അണിയറക്കാര്‍.

സിനിമകളുടെ വിഷയ സ്വീകാര്യത പോലെ പേരിലും എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള സംവിധായകനാണ് ലവ് രഞ്ജന്‍. ടൈറ്റില്‍ പ്രഖ്യാപനത്തിനു മുന്‍പ് പേരിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ മാത്രം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ടിജെഎംഎം എന്നായിരുന്നു ഇംഗ്ലീഷ് ആദ്യാക്ഷരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പല പേരുകളും ഇതോട് ചേര്‍ത്ത് പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ചിത്രത്തിന്‍റെ ശരിയായ ടൈറ്റില്‍. തൂ ഝൂടി മേം മക്കാര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. 

ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2023 ലെ ഹോളി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 8 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. 

ALSO READ : 'സ്‍ഫടിക'ത്തിനു മുന്‍പേ ഡിജിറ്റല്‍ ആയി 'ബാബ'; മൂന്ന് ദിവസത്തെ കളക്ഷന്‍

രണ്‍ബീറിന്‍റെ രണ്ട് വന്‍ പ്രോജക്റ്റുകളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അതില്‍ ഷംഷേര വന്‍ പരാജയമായപ്പോള്‍ ബ്രഹ്മാസ്ത്ര വിജയം നേടി. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും ചിത്രം എത്തിയിരുന്നു.