മുംബൈ: മുംബൈയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത തെലുങ്ക് നടി ശ്വേതാ കുമാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭയന്തറിലെ ഒരു ഹോട്ടലിൽ ഇന്നലെ രാത്രി നടത്തിയ റെയ്ഡിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

ശനിയാഴ്ച ബാന്ദ്രയിൽ നിന്ന് ചാന്ദ് ഷെയ്ക്ക് എന്നൊരാളെ ലഹരിമരുന്നുമായി എൻസിബി അറസ്റ്റ് ചെയ്തിരുന്നു. 10ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം എംഡി എന്ന ലഹരി മരുന്നും പിടിച്ചു. ഇയാൾക്ക് ലഹരിമരുന്ന് നൽകിയ സയീദ് എന്ന ഇടനിലക്കാരന് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. 

നടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. സയീദിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. നാല് തെലുങ്ക് സിനിമയിൽ ആഭിനയിച്ച ശ്വേത കന്നഡയിലും ഏതാനും വേഷങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം.