2025 മലയാള സിനിമയ്ക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു. വിഷയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ നിരവധി ചിത്രങ്ങൾ എത്തി. അവയില്‍ നമ്മെ വിസ്‍മയിപ്പിച്ച ചില പ്രകടന മികവുകളും

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇനി 10 ദിനങ്ങള്‍ കൂടി മാത്രം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെപ്പോലെ മലയാള സിനിമയെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമായ വര്‍ഷമായിരുന്നു 2025. ഒരു മലയാള ചിത്രം ആദ്യമായി 300 കോടി ക്ലബ്ബില്‍ ഇടം നേടിയ (ലോക) വര്‍ഷത്തില്‍ വിഷയത്തിലും പരിചരണത്തിലും പരീക്ഷണങ്ങളുമായി ഒട്ടേറെ ചിത്രങ്ങള്‍ എത്തി. കഥപറച്ചിലില്‍ ഇത്രയും വൈവിധ്യം ഒരുക്കിയ മറ്റൊരു ഇന്‍ഡസ്ട്രിയും ഈ വര്‍ഷം വേറെ ഇല്ല. സമീപവര്‍ഷങ്ങളിലേതുപോലെ മറുഭാഷാ പ്രേക്ഷകരുടെ എണ്ണത്തിലും മലയാള സിനിമ വര്‍ധന രേഖപ്പെടുത്തി. 2025 ല്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഒരിക്കല്‍ക്കൂടി നോക്കാം.

ബേസില്‍ ജോസഫ്- പൊന്മാന്‍

ഏതാനും വര്‍ഷങ്ങളായി ഒരു നടനെന്ന നിലയിലും വലിയ പ്രേക്ഷകാംഗീകാരം നേടിയ ആളാണ് ബേസില്‍. ഒരു അയല്‍വീട്ടിലെ പയ്യന്‍ ഇമേജിലുള്ള കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷക മനസുകളില്‍ ഇരിപ്പുറപ്പിച്ചത്. എന്നാല്‍ പൊന്മാനിലെ പി പി അജേഷ് ബേസില്‍ ഇതുവരെ അവതരിപ്പിക്കാത്ത ആഴവും ഭാരവുമുള്ള കഥാപാത്രമായിരുന്നു. ഒരു മികച്ച നടന്‍റെ സാന്നിധ്യമില്ലെങ്കില്‍ ഉറപ്പായും പാളിപ്പോകുന്ന കഥാപാത്രം. എന്നാല്‍ അജേഷിനെ ബേസില്‍ കണ്ടിരിക്കുന്നവരുടെ ഉള്ളില്‍ തട്ടും വിധം അവതരിപ്പിച്ചു.

പ്രകാശ് വര്‍മ്മ- തുടരും

തുടരും എന്ന സിനിമയില്‍ റിലീസിന് മുന്‍പ് അണിയറക്കാര്‍ റിവീല്‍ ചെയ്യാതിരുന്ന സര്‍പ്രൈസ്. ആദ്യ സീനില്‍ ഒരു നല്ല പൊലീസ് ഓഫീസര്‍ എന്ന ഇമേജില്‍ നിന്നുള്ള ജോര്‍ജ് സാര്‍ എന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ ആര്‍ക്ക് കൂടിയാണ് തുടരും എന്ന ചിത്രത്തെ ഇത്രയും വാച്ചബിള്‍ ആക്കിയത്. മോഹന്‍ലാല്‍ എന്ന അതികായനൊപ്പം ഒരു തുടക്കക്കാരന്‍റെ പതര്‍ച്ചകതളൊന്നുമില്ലാതെ ജോര്‍ജിനെ പ്രകാശ് വര്‍മ്മ അവിസ്മരണീയമാക്കി.

മമ്മൂട്ടി- കളങ്കാവല്‍‌

തേച്ചാല്‍‌ ഇനിയും മിനുങ്ങുമെന്ന് വിശ്വസിക്കുന്ന അഭിനയ പ്രതിഭയുടെ ഏറ്റവും പുതിയ വേഷപ്പകര്‍ച്ച. നായകനായ വിനായകന്‍റെ പ്രതിനായകന്‍. തന്‍റെ ഇതുവരെ കാണാത്ത മുഖമാണ് സ്റ്റാന്‍ലി ദാസ് എന്ന സീരിയല്‍ കില്ലറിലൂടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കളങ്കാവലിലൂടെ എത്തിച്ചത്.

കല്യാണി പ്രിയദര്‍ശന്‍- ലോക:

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ലേഡി സൂപ്പര്‍ഹീറോ ആണ് കല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം. ഫിസിക്കല്‍ ഫിറ്റ്നസും അഭിനയ മികവും ഒരുപോലെ വേണ്ട കഥാപാത്രം. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ലോകയും ചന്ദ്രയും നേടിയ കൈയടി കല്യാണിയുടെ മികവിനുള്ള അംഗീകാരമായിരുന്നു.

ദിലീഷ് പോത്തന്‍- റോന്ത്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കഥാപാത്രങ്ങളായി കൌതുകകരമായ തെരഞ്ഞെടുപ്പുകളാണ് ദിലീഷ് പോത്തന്‍റേത്. അഭിനേതാവ് എന്ന നിലയില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ അദ്ദേഹം പലപ്പോഴും കാണിച്ചിട്ടുമുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് റോന്തിലെ എസ് ഐ യോഹന്നാന്‍. സിസ്റ്റത്തിനും മനസാക്ഷിക്കും ഇടയില്‍ കുടുങ്ങുന്ന, അതിന്‍റെ സംഘര്‍ഷത്തില്‍ ഉരുകിത്തീരുന്ന കഥാപാത്രം. ഒരു മികച്ച നടന് മാത്രം പൊക്കാനാവുന്നത്രയും ഭാരമേറിയ കഥാപാത്രത്തെ ദിലീഷ് എടുത്തുയര്‍‌ത്തി.

ബിയാന മോമിന്‍- എക്കോ

പരീക്ഷണങ്ങള്‍ നടത്താന്‍ മലയാള സിനിമയ്ക്കുള്ള ധൈര്യത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു എക്കോ എന്ന ചിത്രം. അതിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ മ്ലാത്തി ചേടത്തിയെ അവതരിപ്പിച്ചത് ബിയാന മോമിന്‍ ആയിരുന്നു. സിനിമയില്‍ വലിയ മുന്‍പരിചയമില്ലാത്ത, മേഘാലയയില്‍ നിന്നുള്ള എഴുപതുകാരി. ഡയലോഗുകള്‍ വളരെ കുറച്ച് മാത്രമുള്ള, എന്നാല്‍ ഉള്ള ഓരോ ഡയലോഗും ഓരോ ഭാവവും അത്രയും പ്രധാനമായ ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി ബിയാന മോമിന്‍.

ബീന ചന്ദ്രന്‍- തടവ്

ജീവിതത്തില്‍ ഒരു വ്യക്തിക്ക് നേരിടാവുന്ന നിരവധി ദൌര്‍ഭാഗ്യങ്ങളെ ഒരുമിച്ച് നേരിടുന്ന ഒരു കഥാപാത്രമായിരുന്നു തടവ് എന്ന ചിത്രത്തിലെ അംഗന്‍വാടി ടിച്ചറായ ഗീത. തുടക്കം മുതല്‍ ഒടുക്കം വരെ അത്രയും ഭാരമേറിയ കഥാപാത്രം. ബീന ആര്‍ ചന്ദ്രന്‍ പക്ഷേ കൈയടക്കത്തോടെ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചു. മികച്ച നടിക്കുള്ള 2024 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടിയിരുന്നു ഈ പ്രകടനം.

ഷംല ഹംസ- ഫെമിനിച്ചി ഫാത്തിമ

ലളിതമായ ആഖ്യാനത്തിലൂടെ ലിംഗപരമായ വേര്‍തിരിവിനെക്കുറിച്ച് സംസാരിക്കുന്ന ചിത്രം. വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കുമൊക്കെ വേണ്ടി കേന്ദ്ര കഥാപാത്രമായ ഫാത്തിമ നടത്തുന്ന സമരങ്ങളാണ് ചിത്രത്തിന്‍‌റെ ഇതിവൃത്തം. പ്രേക്ഷകരെ കൈയിലെടുത്ത ഷംലയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

മോഹന്‍ലാല്‍- ഹൃദയപൂര്‍വ്വം

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ലാല്‍ എത്തിയ ചിത്രം. രോഗാവസ്ഥ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ബ്ലാക്ക് ഹ്യൂമര്‍ കൊണ്ടുവരിക എന്ന ഏറെക്കുറെ അസാധ്യമായ കാര്യമാണ് സത്യന്‍ അന്തിക്കാട് വിജയിപ്പിച്ചെടുത്തത്. ഉള്ളില്‍ വേദനകള്‍ കൊണ്ടുനടക്കുന്ന, ഒറ്റപ്പെടലുള്ള, ക്രോണിക് ബാച്ചിലര്‍ ആയ സന്ദീപ് ബാലകൃഷ്ണന്‍റെ സൌമ്യയും ദീപ്തവുമായ സാന്നിധ്യമായിരുന്നു ചിത്രത്തിന്‍റെ വലിയ പ്ലസ്. മോഹന്‍ലാല്‍ അവതരിപ്പിച്ചതുകൊണ്ടുമാത്രം ലളിതമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയ മറ്റൊരു കഥാപാത്രം.

അനശ്വര രാജന്‍- രേഖാചിത്രം

ഈ മിസ്റ്ററി ക്രൈം ഡ്രാമ ചിത്രത്തിന്‍റെ ആത്മാവ് അനശ്വര അവതരിപ്പിച്ച രേഖ പത്രോസ് എന്ന, നടിയാവാന്‍ ആഗ്രഹിച്ച ഒരു സിനിമാപ്രേമി ആയിരുന്നു. കരിയര്‍ മുന്നോട്ട് പോകുമ്പോള്‍ തന്നിലെ പെര്‍ഫോമര്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ച പ്രതിഫലിപ്പിക്കാന്‍ അനശ്വരയ്ക്ക് സാധിച്ചു ഈ കഥാപാത്രത്തിലൂടെ.

Actor Sreenivasan Demise | Asianet News Live | Malayalam News Live | Live Breaking News l KeralaNews