ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്ക്
ബിഗ് സ്ക്രീനും മിനിസ്ക്രീനും മാത്രമല്ല, ഒരുപക്ഷേ അതിനേക്കാള്‍ പ്രേക്ഷകര്‍ ഇന്ന് വിനോദത്തിനായി ആശ്രയിക്കുന്നത് മൊബൈല്‍ സ്ക്രീനിനെയാണ്. സിനിമകള്‍ക്കൊപ്പം സിരീസുകളുടെ വൈവിധ്യമുള്ള നിരയുമാണ് ഒടിടി പ്ലാറ്റ്‍ഫോമുകളെ ജനകീയമാക്കുന്നത്. കാണികളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായതുകൊണ്ടുതന്നെ ഒരു സിനിമ കാണാന്‍ തിയറ്ററിലേക്ക് കാണികളെ എത്തിക്കേണ്ട ബുദ്ധിമുട്ട് സിരീസിന്‍റെ അണിയറക്കാര്‍ക്ക് ഇല്ല. എന്നാല്‍ അവരെ പിടിച്ചിരുത്തുന്ന ഉള്ളടക്കം അല്ലെങ്കില്‍ എപ്പിസോഡുകള്‍ അവര്‍ മുന്നോട്ട് കാണില്ല. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ സിരീസുകളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. ലിസ്റ്റില്‍ 38-ാമത് ഒരു മലയാളം ഒറിജിനല്‍ സിരീസും ഉണ്ട്.
ബാഹുല്‍ രമേശിന്‍റെ തിരക്കഥയില്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആണ് പട്ടികയില്‍ 38-ാം സ്ഥാനത്ത്. ജൂണ്‍ വരെയുള്ള കാലയളവില്‍ 6.9 മില്യണ്‍ കാഴ്ചകളാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 നേടിയത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഹോട്ട്സ്റ്റാറിന്‍റെ തന്നെ ഹിന്ദി സിരീസ് ആയ ക്രിമിനല്‍ ജസ്റ്റിസ്: എ ഫാമിലി മാറ്റര്‍ ആണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട സിരീസ്. 27.7 മില്യണ്‍ (2.7 കോടി) കാഴ്ചകളാണ് സിരീസ് ജൂണ്‍ വരെയുള്ള കാലയളവില്‍ നേടിയിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട 10 സിരീസുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ഈ വര്‍ഷം ആദ്യ പകുതിയിലെ ഏറ്റവും ജനപ്രീതി നേടിയ 10 സിരീസുകള്‍
1. ക്രിമിനല്‍ ജസിറ്റിസ്: എ ഫാമിലി മാറ്റര്‍- ഹിന്ദി- ജിയോ ഹോട്ട്സ്റ്റാര്‍- 27.7 മില്യണ്‍ കാഴ്ചകള്‍
2. ഏക് ബദ്‍നാം ആശ്രം സീസണ്‍ 3 പാര്‍ട്ട് 2- ഹിന്ദി- ആമസോണ്‍ എംഎക്സ് പ്ലെയര്‍- 27.1 മില്യണ്‍
3. പഞ്ചായത്ത് സീസണ്‍ 4- ഹിന്ദി- ആമസോണ്‍ പ്രൈം വീഡിയോ- 23.8 മില്യണ്‍
4. പാതാള്‍ ലോക് സീസണ്‍ 2- ഹിന്ദി- ആമസോണ്‍ പ്രൈം വീഡിയോ- 16.8 മില്യണ്‍
5. സ്ക്വിഡ് ഗെയിം സീസണ്‍ 3- കൊറിയന്‍- നെറ്റ്ഫ്ലിക്സ്- 16.5 മില്യണ്‍
6. ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍ സീസണ്‍ 6- ഹിന്ദി- ജിയോ ഹോട്ട്സ്റ്റാര്‍- 16.2 മില്യണ്‍
7. ദി റോയല്‍സ്- ഹിന്ദി- നെറ്റ്ഫ്ലിക്സ്- 15.5 മില്യണ്‍
8. ദി സീക്രട്ട് ഓഫ് ദി ഷീലെദാര്‍സ്- ഹിന്ദി- ജിയോ ഹോട്ട്സ്റ്റാര്‍- 14.5 മില്യണ്‍
9. ചിഡിയ ഉഡ്- ഹിന്ദി- ആമസോണ്‍ എംഎക്സ് പ്ലെയര്‍- 13.7 മില്യണ്‍
10. ജുവല്‍ തീഫ്- ദി ഹെയ്സ്റ്റ് ബിഗിന്‍സ്- ഹിന്ദി- നെറ്റ്ഫ്ലിക്സ്- 13.1 മില്യണ്‍

