കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലോകമാകമാനമുള്ള സിനിമാ വ്യവസായം നിശ്ചലമായിരിക്കുകയാണ്. ഒപ്പം ചലച്ചിത്രോത്സവങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരുന്നു. കാന്‍സ് ഉള്‍പ്പെടെ ലോകത്തെ പ്രധാന ചലച്ചിത്രോത്സവങ്ങളില്‍ പലതും ഈ വര്‍ഷം ഉണ്ടാവില്ലെന്നുള്ള പ്രഖ്യാപനം ഇതിനകം വന്നിട്ടുണ്ട്. എന്നാല്‍ ഒഴിവാക്കുന്ന ചലച്ചിത്രോത്സവങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടേത് ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ടൊറന്‍റോ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പരിമിതമായ തീയേറ്റര്‍ സ്ക്രീനിംഗും ഓണ്‍ലൈന്‍ സ്ക്രീനിംഗും ചേര്‍ത്തുള്ള ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 10 മുതല്‍ 19 വരെയാണ് നടക്കുക.

50 സിനിമകളും അഞ്ച് ഷോര്‍ട്ട് ഫിലിമുകളും മാത്രമാവും ഇക്കുറി ഉണ്ടാവുക. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവലില്‍ 300 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആദ്യ അഞ്ച് ദിനങ്ങളിലായിരിക്കും നേരിട്ടുള്ള സിനിമാ പ്രദര്‍ശനം നടക്കുക. മൂന്ന് ഫെസ്റ്റിവല്‍ തീയേറ്ററുകളിലും ഡ്രൈവ് ഇന്‍ രീതിയിലുള്ള ഔട്ട്ഡോര്‍ പ്രദര്‍ശന സംവിധാനങ്ങളിലുമായിരിക്കും ഡെലിഗേറ്റുകള്‍ക്ക് പ്രവേശനം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും എല്ലാ സ്ക്രീനുകളിലെയും പ്രദര്‍ശനം.

ഡിജിറ്റല്‍ സ്ക്രീനിംഗുകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടികള്‍ തുടങ്ങിയവ പത്ത് ദിനങ്ങളിലും നടക്കും. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രതിനിധികളുടെ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ ആയാവും നടക്കുക. മാധ്യമ പ്രതിനിധികള്‍ക്കും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കുമായുള്ള പ്രദര്‍ശനങ്ങള്‍ 'ടിഫി'ന്‍റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാവും നടക്കുക. എട്ട് ഒഫിഷ്യല്‍ സെലക്ഷനുകളും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിസ് ലീയുടെ 'അമൊണൈറ്റ്', തോമസ് വിന്‍റര്‍ബര്‍ഗിന്‍റെ 'അനതര്‍ റൗണ്ട്', നവോമി കവാസെയുടെ 'ട്രൂ മദേഴ്‍സ്', സുസെയ്ന്‍ ലിന്‍ഡന്‍റെ 'സ്പ്രിംഗ് ബ്ലോസം' എന്നീ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍ എന്നീ മലയാളചിത്രങ്ങളുടെ അന്തര്‍ദേശീയ പ്രീമിയര്‍ കഴിഞ്ഞ വര്‍ഷത്തെ ടൊറന്‍റോ മേളയില്‍ ആയിരുന്നു.