Asianet News MalayalamAsianet News Malayalam

ടൊവീനോ പറഞ്ഞതെന്ത്? പ്രസംഗത്തിന്റെ പൂര്‍ണരൂപം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടന്‍ ടൊവീനോ തോമസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ചുവടെ..

tovino thomas full speech at thrissur
Author
Thiruvananthapuram, First Published Jun 29, 2019, 9:45 PM IST

ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍, ബഹുമാനപ്പെട്ട മേയര്‍ ശ്രീമതി അജിത വിജയന്‍, ബഹുമാനപ്പെട്ട സിറ്റി പൊലീസ് കമ്മിഷണര്‍ ശ്രീ. യതീഷ് ചന്ദ്ര, വേദിയിലും സദസിലുമിരിയ്ക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ. എന്റെ പ്രിയപ്പെട്ട അനിയന്മാരെ, അനിയത്തിമാരെ.. നിങ്ങള്‍ക്കൊക്കെ മോട്ടിവേഷന്‍ തരാനായിട്ട് എനിയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എനിയ്ക്ക് ഈ പറയുന്ന എ പ്ലസും കിട്ടിയിട്ടില്ല, 1200ല്‍ 1200ഉും കിട്ടിയിട്ടില്ല. അപ്പൊ ആകെ എനിയ്ക്ക് തരാവുന്ന ഒരു മോട്ടിവേഷന്‍.. ഇത് കിട്ടിയത് തീര്‍ച്ഛയായും നല്ല കാര്യമാണ്. ഇത് കിട്ടിയില്ലെങ്കിലും ഇങ്ങനെ സ്‌റ്റേജിലൊക്കെ വന്ന് നില്‍ക്കാന്‍ പറ്റും. തീര്‍ച്ഛയായിട്ടും ഭയങ്കര സന്തോഷമാണ് നിങ്ങളെയൊക്കെ കാണുന്നതിലും നിങ്ങള്‍ക്കൊക്കെ ഇത്രയും വലിയ വിജയങ്ങള്‍ ലഭിച്ചുവെന്ന് അറിയുന്നതിലും. നിങ്ങളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍.. വെറുംവാക്ക് പറയുന്നതല്ല, നിങ്ങളൊക്കെത്തന്നെയാണ് നമ്മുടെ നാടിന്റെ, തൃശൂരിന്റെ, കേരളത്തിന്റെ, ഇന്ത്യയുടെ ഒക്കെ ഭാവിയാവാന്‍ പോകുന്നത്. അപ്പൊ എന്റെ ആത്മാര്‍ഥമായിട്ടുള്ള, മനസിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിതത്തില്‍ എല്ലാ വിജയങ്ങളും കൈവരിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായിട്ട് ആശംസിക്കുന്നു. അങ്ങനെ നിങ്ങള്‍ നമ്മുടെ നാടിനെയൊക്കെ സേവിച്ചുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഇടയ്‌ക്കൊന്ന് റിലാക്‌സ് ചെയ്യണമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്കുവേണ്ടി സിനിമകളൊക്കെ ചെയ്തുകൊണ്ട് ചേട്ടന്‍ അവിടെയുമിവിടെയുമൊക്കെ ഉണ്ടാവും. 

നിങ്ങളെ കുറച്ച് എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്ന, ചിലപ്പോള്‍ കരയിപ്പിക്കുന്ന, ചിലപ്പോള്‍ ചിരിപ്പിയ്ക്കുന്ന സിനിമകളൊക്കെ ചെയ്ത്, അല്ലെങ്കില്‍ പിന്നെ നിങ്ങളൊക്കെ വലിയ വിജയങ്ങള്‍ കൈവരിച്ച്, നിങ്ങളൊക്കെ ചരിത്രം സൃഷ്ടിച്ചുകഴിയുമ്പോള്‍, നിങ്ങളുടെയൊക്കെ കഥ സിനിമയാക്കപ്പെടുമ്പോള്‍ ചിലപ്പൊ അതിലൊരു വേഷം ഞാനും ചെയ്യുന്നുണ്ടാവും. 

വലിയ സന്തോഷം ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍. എല്ലാവര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നന്മകളും മാത്രമുണ്ടാവട്ടെ. അതോടൊപ്പം പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് എനിയ്ക്കിവിടെ വന്നപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയത്, സാധാരണ ഇങ്ങനത്തെ ഫങ്ഷന്‍സിനൊക്കെ പോവുമ്പൊ സ്റ്റേജിലേക്ക് കയറി നമുക്ക് സ്വാഗതം പറയുന്ന സമയത്ത് നമുക്ക് തരുന്നത് നല്ല മനോഹരമായിട്ടുള്ള, ഭംഗിയുള്ള ബൊക്കെകള്‍ ആണ്. നല്ല ഫ്രെഷ് ഫ്‌ളവേഴ്‌സ് ഒക്കെ ആയിട്ട്. പക്ഷേ അത് വീട്ടിലേക്ക് ഞാന്‍ കൊണ്ടുപോയാലും കുറച്ചുദിവസത്തിനകത്ത് അത് വാടിപ്പോകും, കരിഞ്ഞുപോവും. നമ്മള്‍ എത്ര അതിനെ കെയര്‍ ചെയ്യാന്‍ നോക്കിയാലും അത് കരിഞ്ഞുപോവും. പക്ഷേ ഇന്നിവിടെ വന്നപ്പൊ, സ്വാഗതം ചെയ്തപ്പൊ എനിയ്ക്ക് കിട്ടിയത് ഒരു വൃക്ഷത്തൈ ആണ്. തീര്‍ച്ഛയായും അത് ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോവും. കുറച്ച് പറമ്പൊക്കെയുണ്ട്. അവിടെ എവിടെയെങ്കിലും അത് വയ്ക്കുകയും ഇന്നിവിടെ വന്നതിന്റെ ഓര്‍മ്മയായിട്ട് എന്നുമത് ഉണ്ടായിരിക്കുകയും ചെയ്യും. 

ഞാന്‍ സ്‌കൂളില്‍ പഠിയ്ക്കുന്ന സമയത്ത്, ആ സ്‌കൂളിന്റെ ഗതികേടോ എന്റെ ഭാഗ്യമോ എന്ന് പറയാം, ഞാന്‍ സ്‌കൂള്‍ ലീഡറൊക്കെ ആയിരുന്നു. അങ്ങനെ സ്‌കൂള്‍ ലീഡറായിട്ടുള്ള സമയത്ത് നമ്മുടെ എന്‍വയണ്‍മെന്റല്‍ ഡേയ്‌ക്കൊക്കെ വൃക്ഷത്തൈ നടുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അപ്പൊ ഫോട്ടോയില്‍ പെടാം, ആള്‍ക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാം എന്നൊക്കെയുള്ള കാരണം കൊണ്ട് സ്‌കൂള്‍ ലീഡര്‍ ആയിട്ടുള്ള ഞാനാണ് മരത്തൈ കുഴിച്ചിടുന്നത്. 2005ല്‍ ഞാന്‍ കുഴിച്ചിട്ട ഒരു മരത്തൈ കഴിഞ്ഞദിവസം ഞാന്‍ എന്റെ സ്‌കൂളില്‍ പോയപ്പൊ വലിയൊരു മരമായിട്ട് നില്‍ക്കുന്നത് കണ്ടപ്പോഴാണ് എനിയ്ക്ക് അതിന്റെയൊരു ഫീല്‍ ഭയങ്കരമായിട്ട് മനസിലായത്. അന്ന് ചുമ്മാ ഫോട്ടോയില്‍ പെടാനോ വെറുതേ ഷൈന്‍ ചെയ്യാനോവേണ്ടി ചെയ്തതാണെങ്കിലും ഇന്ന് ഞാന്‍ വച്ച ഒരു മരം.. അവിടെ വലിയൊരു മരമായിട്ട്.. അത് ഭയങ്കര സാറ്റിസ്‌ഫൈയിംഗ് ആയിട്ടുള്ള ഒരു കാഴ്ചയായിരുന്നു. അപ്പൊ ഇതിന്റെയൊരു ഇംപോര്‍ട്ടന്‍സ് തീര്‍ച്ഛയായിട്ടും നിങ്ങളിലേക്ക് എത്തിക്കാനായിട്ട് ഇങ്ങനെയുള്ള രീതികള്‍ സഹായിക്കും എന്ന് കരുതുന്നു.

പിന്നെ, നിങ്ങളെ എല്ലാവരെയുംപോലെ എനിയ്ക്കും എന്റെ അപ്പനാണ് എന്റെ ഹീറോ. അപ്പന്‍ ഒരു വക്കീലാണ്. പുള്ളിയ്ക്ക് ഇപ്പൊ അത്യാവശ്യം നല്ല പ്രായമൊക്കെ ആയിട്ടുണ്ട്. പല ക്ഷീണങ്ങളുമൊക്കെയുണ്ട്. എങ്കിലും ഇപ്പൊഴും കോടതിയില്‍നിന്ന് ഉച്ചയ്ക്ക് വന്നുകഴിഞ്ഞാല്‍ കുറച്ചുനേരം വീട്ടില്‍ റെസ്റ്റ് എടുത്തുകഴിഞ്ഞാല്‍ പിന്നെ നേരെ പോവുന്നത് പറമ്പിലേക്കാണ്. ഞങ്ങള്‍ക്ക് കുറച്ച് കൃഷിയുണ്ട്. കാര്യമായിട്ടുതന്നെ കൃഷിയുണ്ട്. അതുകൊണ്ടുതന്നെയാണ് പരീക്ഷണസിനിമകളൊക്കെ ചെയ്യാനായിട്ട് ഞാന്‍ മുന്നോട്ടുവരുന്നത്. ഇതൊന്നുമില്ലെങ്കിലും കിളച്ചും ജീവിയ്ക്കാം എന്നുള്ള ഒരു കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ടുതന്നെയാണ്. നമ്മുടെ മുന്‍പത്തെ ജെനറേഷന്‍ എന്നൊക്കെ പറഞ്ഞാല്‍ മണിക്കൂറുകളോളം നിന്ന് കിളച്ചാലും ഒന്നും പറ്റില്ല. രാവിലെ പാടത്തേയ്ക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ വൈകുന്നേരമൊക്കെയാണ് അവര് പാടത്തുനിന്നും കയറുന്നത്. അങ്ങനെയൊക്കെ ആയിരുന്നു.

എനിയ്ക്ക് എന്താന്നുവെച്ചാല്, ഞാന്‍ ശരീരം നന്നാക്കാനായിട്ട് ജിമ്മില് പോയി പണിയെടുക്കുമ്പോഴൊന്നും എനിയ്ക്ക് കുഴപ്പമില്ല. പക്ഷേ പറമ്പില് പോയി പണിയെടുക്കാന്‍ ഇപ്പൊ ഭയങ്കര മടിയൊക്കെയാണ്. പക്ഷേ അപ്പൊഴാണ് നമ്മുടെ മുന്‍തലമുറ എത്രത്തോളം നമ്മളേക്കാള്‍ സ്റ്റാമിനയും നമ്മളേക്കാള്‍ ആരോഗ്യവുമുള്ളവര്‍ ആയിരുന്നതിന് കാരണം ഇങ്ങനെയുള്ള അധ്വാനശീലമാണ് എന്ന് മനസിലാക്കുന്നത്. നമ്മുടെ ടെക്‌നോളജി ഇങ്ങനെ ആവുമ്പൊ, നമ്മുടെ സൗകര്യങ്ങള്‍ കൂടിവരുമ്പൊ നമ്മള്‍ പലപ്പൊഴും പ്രകൃതിയില്‍നിന്ന് അകന്നുപോകാറുണ്ട്. പക്ഷേ അങ്ങനെയല്ലാതെയാണ് നമ്മള്‍ ജീവിയ്‌ക്കേണ്ടത് എന്നുള്ള ഒരു ഓര്‍മ്മിപ്പിയ്ക്കലാണ്.. ഇനിയാണെങ്കിലും അടുത്തൊരു തലമുറയ്ക്കാണെങ്കിലും.. കാര്യം വരുംതലമുറകള്‍ക്കുവേണ്ടി കരുതിവെക്കേണ്ട പലതും നമ്മള്‍ ഓള്‍റെഡി ഉപയോഗിച്ച് തീര്‍ത്തുകഴിഞ്ഞു. ഇനി നമുക്ക് ചെയ്യാനുള്ളതെന്ന് പറഞ്ഞാല്‍ വരുംതലമുറകള്‍ക്കുവേണ്ടി അതെല്ലാം സൃഷ്ടിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായിട്ട് എനിയ്ക്ക് കിട്ടിയിരിക്കുന്ന മരത്തൈയ്ക്ക് എന്റെ പറമ്പില്‍ എവിടെയെങ്കിലും നല്ലൊരിടം ഉണ്ടായിരിക്കും. അതുപോലെ നിങ്ങള്‍ എല്ലാവരും.. പ്രകൃതിയുണ്ടെങ്കിലേ നമ്മളൊക്കെയുള്ളൂ. അത് ഒരു ഓര്‍മ്മിപ്പിയ്ക്കലായിട്ട് എന്നും മനസില്‍ ഉണ്ടാവട്ടെ. അപ്പൊ എല്ലാവര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നന്മകളും വിജയങ്ങളും മാത്രമുണ്ടാവട്ടെ ജീവിതത്തില്‍. നിങ്ങളോടുതന്നെയാണ് നിങ്ങള്‍ പൊരുതിക്കൊണ്ടിരിയ്‌ക്കേണ്ടത്. നിങ്ങളുടെ ജീവിതത്തിന്റെ വിജയങ്ങള്‍.. നിങ്ങളുടെ ഓരോ പടികളെയും തന്നെയാണ് നിങ്ങള്‍ ഓടിത്തോല്‍പ്പിയ്‌ക്കേണ്ടത്. 

നേരത്തേ നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ, നിങ്ങള്‍ മറ്റാരെയെങ്കിലുംപോലെ ആവുകയല്ല വേണ്ടത്. നിങ്ങള്‍ നിങ്ങളിലെ ദ ബെസ്റ്റ് ആവണം. എനിയ്ക്ക് പറയാന്‍ പറ്റും ഞാന്‍ എന്നിലെ ദ ബെസ്റ്റ് ആണെന്ന്. അതേപോലെ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പറയാന്‍ സാധിക്കട്ടെ.. നിങ്ങളിലെ ദ ബെസ്റ്റ് ആയിരിക്കണം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അച്ചീവ് ചെയ്യുന്ന, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക്, നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒക്കെ അഭിമാനിക്കാന്‍ പാകത്തിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ വിജയങ്ങള്‍ ഉണ്ടാവട്ടെ. നന്ദി. 

"

Follow Us:
Download App:
  • android
  • ios