മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' സിനിമയിൽ പ്രതിഫലം വാങ്ങാതെയായിരിക്കും അഭിനയിച്ച് തുടങ്ങുന്നതെന്ന് ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമ റിലീസ് ആയി സാമ്പത്തികലാഭം വന്നശേഷമേ പ്രതിഫലം സ്വീകരിക്കൂ. നിർമ്മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കിയാണ് തീരുമാനമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ബോബി - സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.

സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആസ് യു വാച്ച്' എന്ന ടാഗ്​ലൈനോടുകൂടിയാണ് പോസ്ററർ പുറത്തുവന്നത്. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്.