മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ നിന്നും ഡയറക്റ്റ് ഒടിടി റിലീസായി എത്തുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'മിന്നല്‍ മുരളി' (Minnal Murali). മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ടൊവിനോ തോമസ് (Tovino Thomas) ആണ്. ബേസില്‍ ജോസഫാണ്(Basil Joseph) സംവിധാനം. നെറ്റ്ഫ്ളിക്സിലൂടെയാണ് (Netflix) ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഈ അവസരത്തിൽ റിലീസിനു മുന്നോടിയായുള്ള ചിത്രത്തിന്‍റെ ഗ്ലോബൽ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരിക്കുകയാണ്.
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് (Jio MAMI Mumbai Film Festival) ചിത്രത്തിന്‍റെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയറ്റർ റിലീസിന് അനുയോജ്യമായ ചിത്രമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
"മലയാള ചലച്ചിത്രനിർമ്മാണത്തിന്റെ ആവേശകരമായ പാറ്റേൺ. ടൊവിനോയും മറ്റ് കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റിന് മികച്ച അഭിനന്ദനം ആവശ്യമാണ്. ഗ്യാരണ്ടിയുള്ള സംവിധായകനിൽ ഒരാളാണ് താനെന്ന് ബേസിൽ ജോസഫ് തെളിയിക്കുന്നു, മലയാള സിനിമയ്ക്ക് അഭിമാനം", എന്നാണ് ഒരാളുടെ കമന്റ്.
ക്ലൈമാക്സ് ഫൈറ്റ് കിടിലം..മറ്റൊരു ഇന്ത്യൻ സിനിമയിലും ഇത് കണ്ടിട്ടില്ല.... സൂപ്പർ സിനിമ, മോളിവുഡിന് അന്യമായിരുന്ന ഒരു വിഭാഗത്തെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നൽ മുരളി, ടൊവിനോ തന്റെ കഥാപാത്രത്തെ നല്ലരീതിയിൽ അവതരിപ്പിച്ചു. അതുപോലെ തന്നെ മറ്റുള്ളവരും. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തിയ സിനിമ, സാങ്കേതികമായും ബുദ്ധിപരമായും ഇത് മോളിവുഡിന്റെ അഭിമാനമായി മാറും എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരങ്ങൾ. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.
മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
