ടൊവിനോ തോമസിന് ഒപ്പം ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലായാലും ഇതര ഭാഷകളിലായാലും. അവയെല്ലാം ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്. ഉദയനാണ് താരം, ചതിക്കാത്ത ചന്തു തുടങ്ങിയവ അതിന് മലയാളത്തിലെ ഉദാഹരണങ്ങളാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ സിനിമയായിരുന്നു നടികർ. ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്.
ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം നടികർ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഒടിടി സ്ട്രീമിങ്ങിന്റെ ഔദ്യോഗിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈന പ്ലേയ്ക്ക് ആണ് നടികർ സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം. ഓഗസ്റ്റ് 8 മുതൽ ടൊവിനോ തോമസ് ചിത്രം ഒടിടിയിൽ കാണാം. റിലീസ് ചെയ്ത് 15 മാസത്തിന് ശേഷമാണ് നടികർ ഇപ്പോൾ ഒടിടിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ടൊവിനോ തോമസിന് ഒപ്പം ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് നടികർ. ദിവ്യ പിള്ള, സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2024ൽ ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തിലെ ടൊവിനോയുടെ വ്യത്യസ്ത ഗെറ്റപ്പുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 40 കോടി രൂപ മുടക്കി നിർമിച്ച നടികർക്ക് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്.
അതേസമയം, നരിവേട്ടയാണ് ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മുത്തങ്ങ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം അനുരാജ് മനോഹർ ആണ് സംവിധാനം ചെയ്തത്.



