നടന്‍ ടൊവീനോ തോമസ് രണ്ടാമതും അച്ഛനായി. മൂത്തത് മകളാണെങ്കില്‍ ഭാര്യ ലിഡിയ രണ്ടാമത് ജന്മം നല്‍കിയത് ആണ്‍കുട്ടിക്കാണ്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ ചിത്രത്തിനൊപ്പം ടൊവീനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്.

ആദ്യമകള്‍ ഇസയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ ടൊവീനോ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ലിഡിയയുമായുള്ള ടൊവീനോയുടെ വിവാഹം. പ്ലസ് വണ്‍ കാലം മുതല്‍ ആരംഭിക്കുന്നതാണ് തങ്ങളുടെ പ്രണയമെന്ന് ടൊവീനോ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ഫോറന്‍സിക്കിന് ശേഷം ടൊവീനോയുടേതായി തീയേറ്ററുകളില്‍ എത്താനുള്ള ചിത്രം കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ് ആണ്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം റോഡ് മൂവി സ്വഭാവത്തിലുള്ള കോമഡി ഡ്രാമയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുമുണ്ട് ടൊവീനോയ്ക്ക്.