തെലുങ്കിലും 2018ന് വൻ കളക്ഷൻ, ടെലിവിഷൻ റേറ്റിംഗിലും നേട്ടം
ടെലിവിഷൻ റേറ്റിംഗിലും ടൊവിനോ തോമസിന്റെ ചിത്രം 2018ന് നേട്ടം.

മലയാളത്തില്‍ 2023ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിറ്റ് ചിത്രമാണ് 2018. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം 2018 പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിയത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷങ്ങളിലും ടൊവിനോയുടെ ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചു. 2018ന്റെ തെലുങ്ക് പതിപ്പിന് അവിടെ ടെലിവിഷനില്‍ ലഭിച്ച സ്വീകാര്യത മികച്ചതായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
തെലുങ്കില്‍ നിര്‍മാതാവ് ബണ്ണി വാസായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ്. മലയാളത്തിന് ഇത് ഒരു നേട്ടമാണ്. സ്റ്റാര്‍ മാ ചാനലില്‍ 3.29 ടെലിവിഷൻ ടിആര്‍പിയാണ് 2018ന് ലഭിച്ചതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് '2018. ടൊവിനോയുടെ 2018 ആകെ 200 കോടിയില്‍ അധികം നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയപ്പോള്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ടൊവിനോ തോമസിനു പുറമേ ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് '2018'ല്‍ വേഷമിട്ടത്.
തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ '2018'ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.
Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക