കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടൻ ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിൽ 'കള' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്‍റെ സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ്. ചിത്രത്തിൽ ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.