കനത്ത മഴ കൊണ്ടുവന്ന ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കഴിഞ്ഞ പ്രളയകാലത്തെപ്പോലെ സോഷ്യല്‍ മീഡിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ സെലിബ്രിറ്റികളുടെ പേജുകള്‍ക്ക് ഒരു നിര്‍ണായക റോളുണ്ട്. ലൈക്കുകളും എന്‍ഗേജ്‌മെന്റും കൂടുതലാണ് എന്നതുതന്നെ കാരണം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരില്‍ മുന്‍പന്തിയിലുള്ള താരമാണ് ടൊവീനോ തോമസ്. ഇപ്പോഴിതാ ദുരിതത്തില്‍ പെട്ട് താല്‍ക്കാലികമായി വീടൊഴിയേണ്ടിവന്നവര്‍ക്ക് തന്റെ വീട്ടിലേക്കും കടന്നുവരാമെന്ന് പറയുകയാണ് ടൊവീനോ.

'ദുരിതകാലത്ത് ആരുടെയും ക്ഷണത്തിന് കാത്തുനില്‍ക്കാതെ വാസയോഗ്യമായ വീടുകളിലേക്ക് കയറിച്ചെല്ലാന്‍' ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു സചിത്ര സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു ടൊവീനോ. ഒപ്പം തന്റെ സന്ദേശവും. അതിങ്ങനെ. 'കഴിഞ്ഞ തവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ്. ഇങ്ങോട്ട് വരാം! ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു!'

കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത താരമായിരുന്നു ടൊവീനോ. ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്ന ടൊവീനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.