1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്നും അറിയുന്നു.

ടൊവീനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം വരുന്നു. 'അജയന്റെ രണ്ടാം മോഷണ'മെന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ ലാല്‍ ആണ്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്നും അറിയുന്നു.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുജിത്ത് നമ്പ്യാര്‍ ആണ്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുക. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. പീരീഡ് വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ചിത്രീകരണം വടക്കന്‍ കേരളത്തില്‍ ആയിരിക്കും.