പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കേരള പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബ് സന്ദര്‍ശിച്ച് ടൊവീനോ തോമസ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ഫോറന്‍സിക്' എന്ന ചിത്രത്തില്‍ ടൊവീനോയാണ് നായകന്‍. ഫോറന്‍സിക് വിദഗ്ധനാണ് ടൊവീനോയുടെ കഥാപാത്രം. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ ഫോറന്‍സിക് റിസര്‍ച്ച് സെന്ററും ഇതിന്റെ ഭാഗമായി ടൊവീനോ സന്ദര്‍ശിച്ചു.

മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. നേരത്തേ ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അഖിലും അനസും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേയുടെ തിരക്കഥാകൃത്താണ് അഖില്‍ പോള്‍.

ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ പൂര്‍ണമായും കേരളത്തില്‍ ആയിരിക്കും.