ടൊവീനോയ്ക്കൊപ്പം സൗബിന്‍ ഷാഹിര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ബോക്സ് ഓഫീസ് വിജയം നേടിയ 'ഡ്രൈവിംഗ് ലൈസന്‍സി'നു (Driving Licence) ശേഷം ലാല്‍ ജൂനിയര്‍ (Lal Jr.) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് (Tovino Thomas) നായകന്‍. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുവിന്‍ സോമശേഖരനാണ്. ഇപ്പോള്‍ തിയറ്ററുകളിലുള്ള 'സ്റ്റാര്‍' എന്ന ചിത്രത്തിനു ശേഷം സുവിന്‍ തിരക്കഥയൊരുക്കുന്ന ചിത്രമായിരിക്കും ഇത്.

ടൊവീനോയ്ക്കൊപ്പം സൗബിന്‍ ഷാഹിര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ആല്‍ബി. യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടന്‍ പുറത്തുവിടും. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡ്രൈവിംഗ് ലൈസന്‍സ് സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ്. ചിത്രത്തിന്‍റെ ഈയിടെ പ്രഖ്യാപിക്കപ്പെട്ട ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരണ്‍ ജോഹറും പൃഥ്വിരാജും ചേര്‍ന്നാണ് ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം അച്ഛന്‍ ലാലുമായി ചേര്‍ന്ന് സുനാമി എന്ന ചിത്രവും ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍തിരുന്നു.

'മരക്കാര്‍' റിലീസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍, സിനിമാ സംഘടനകളുമായി ചര്‍ച്ച

അതേസമയം ബേസില്‍ ജോസഫിന്‍റെ സംവിധാനത്തിലെത്തുന്ന മിന്നല്‍ മുരളിയാണ് ടൊവീനോയുടെ അടുത്ത റിലീസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആണ്. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തും. സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. തല്ലുമാല, അജയന്‍റെ രണ്ടാം മോഷണം എന്നിവയാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.