ഫെബ്രുവരിയില്‍ മുന്നില്‍ എത്തിയ 10 താരങ്ങളുടെ പട്ടിക പുറത്ത്.
ഗൂഗിളില്‍ നിരവധി വിഷയങ്ങള്‍ തരംഗമാകാറുണ്ട്. താരങ്ങള്‍ ഗൂഗിളില്‍ തരംഗമാകാറുള്ളത് പലപ്പോഴും സിനിമയുടെ പേരിലോ അല്ലെങ്കില്‍ അവരെടുക്കുന്ന നിലപാടുകളുടെയോ പേരിലായിരിക്കും. ഫെബ്രുവരി മാസത്തില്‍ തെന്നിന്ത്യയില്‍ ട്രെൻഡിംഗായ താരങ്ങളുടെ പേരുകള്‍ ട്രേഡ് അനലസിറ്റുകളായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ പുറത്തുവിട്ടു. പട്ടികയില്‍ മോഹൻലാല്‍ പത്താമതെത്തി.
മലൈക്കോട്ടൈ വാലിബൻ മാത്രമാണ് മലയാളി താരം മോഹൻലാലിനെ ഫെബ്രുവരിയില്‍ ഗൂഗിളിലും നിറഞ്ഞുനില്‍ക്കാൻ സഹായിച്ചത് എന്നാണ് കരുതേണ്ടത്.. ജനുവരിയിലാണെത്തിയതെങ്കിലും മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ചര്‍ച്ചയുടെ അലയൊലികളുടെയും ഒടിടി റിലീസിന്റെയും പശ്ചാത്തലത്തില്‍ മോഹൻലാല്‍ ഫെബ്രുവരിയിലും നിറഞ്ഞുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ നായകനായി വേഷമിട്ട് ഒരുങ്ങുന്ന ചിത്രങ്ങളും ചര്‍ച്ചയായി. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അതില്‍ പ്രധാനം.
ഒമ്പതാമത് തെലുങ്കിന്റെ ചിരഞ്‍ജീവിയാണെന്ന് തെന്നിന്ത്യൻ താരങ്ങളുടെ ഫെബ്രുവരിയില്‍ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു. പത്മഭൂഷണാല്‍ ആദരിക്കപ്പെട്ട ചിരഞ്‍ജീവിയുടേതായി വിശ്വംഭര സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. തൊട്ടുമുന്നില്‍ കങ്കുവയിലൂടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന തമിഴ് താരം സൂര്യയും ഇടംനേടി. മലയാളത്തിന്റെ പ്രിയങ്കരായ മമ്മൂട്ടി തുടര്‍ച്ചയായി സിനിമകള്‍ വിജയിക്കുന്നതിനാലും തെരഞ്ഞെടുക്കുന്ന വൈവിധ്യമാര്‍ന്ന ഓരോ വേഷങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്നതിനാല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി സൂര്യയുടെ തൊട്ടുമുന്നിലുണ്ട്.
തമിഴ് നടൻ ധനുഷാണ് തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഫെബ്രുവരിയില്‍ ആറാമത് എത്തിയിരിക്കുന്നത്. തൊട്ടുമുന്നില്‍ അല്ലു അര്‍ജുനുമുണ്ട്. നാലാമൻ പ്രഭാസും മൂന്നാമൻ രജനികാന്തുമായപ്പോള്‍ തെന്നിന്ത്യൻ താരങ്ങളില്‍ ഫെബ്രുവരിയില്‍ രണ്ടാമൻ ഗുണ്ടുര്‍ കാരം എന്ന സമീപ കാല ഹിറ്റിലൂടെ രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ച തെലുങ്ക് നടൻ മഹേഷ് ബാബുവാണ്. ദ ഗോട്ട് എന്ന വരാനിരിക്കുന്ന സിനിമയ്‍ക്ക് പുറമേ രാഷ്‍ട്രീയ ചര്‍ച്ചകളിലും നിറഞ്ഞുനില്‍ക്കുന്ന വിജയ്‍യാണ് പട്ടികയില്‍ ഒന്നാമത്.
Read More: കല്‍ക്കി 2898 എഡി ഒരുങ്ങുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
