പ്രകാശ് രാജിന്റെ 'വെല്ലുവിളി' ഏറ്റെടുത്ത് നടി തൃഷ. ഇന്ത്യൻ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായാണ് തൃഷയും ചെടികള്‍ നട്ടത്. തൃഷ ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളികളാകാൻ തന്റെ ആരാധകരോടും തൃഷ അഭ്യര്‍ഥിച്ചു. ഗ്രീൻ ഇന്ത്യക്കായി എല്ലാവരും മുന്നോട്ടുവരണമെന്നാണ് തൃഷ ആവശ്യപ്പെടുന്നത്. ചെന്നൈയില്‍ തന്റെ വീട്ടുമുറ്റത്താണ് തൃഷ തൈകള്‍ നട്ടത്.

പ്രകാശ് രാജ് തന്റെ ഫാം ഹൗസില്‍ ആയിരുന്നു ചെടികള്‍ നട്ടത്. മകൻ വേദാന്തിനൊപ്പമായിരുന്നു പ്രകാശ് രാജ് ചെടികള്‍ നട്ടത്. ഒട്ടേറെ ആരാധകര്‍ പ്രകാശ് രാജിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്‍തു.  തൃഷ, സൂര്യ, മോഹൻലാല്‍ എന്നിവരെയായിരുന്നു പ്രകാശ് രാജ് ചലഞ്ച് ചെയ്‍തത്. ചെടികള്‍ നടാൻ മറ്റുള്ളവരോട് പ്രകാശ് രാജ് ആവശ്യപ്പെടുകയും ചെയ്‍തിരുന്നു. മഹേഷ് ബാബുവിന്റെ ചലഞ്ച് ആയിരുന്നു ശ്രുതി ഹാസൻ ഏറ്റെടുത്തത്.

തെലുങ്ക് സിനിമാ ലോകത്ത് ആയിരുന്നു ഗ്രീൻ ചലഞ്ച് ഇന്ത്യ ആദ്യം തരംഗമായത്. നാഗാര്‍ജുനയുടെ മകൻ അഖില്‍, സഹോദരൻ നാഗ ചൈതന്യയെയാണ് ചലഞ്ച് ചെയ്‍തത്. പാര്‍ലമെന്റ് അംഗം ജൊഗിനാപ്പള്ളി സന്തോഷ് കുമാര്‍ ആണ് അഖിലിനെ ആദ്യം ചലഞ്ച് ചെയ്‍തത്. ചെടി നടുന്ന ഫോട്ടോ ഷെയര്‍ ചെയ്‍ത അഖില്‍ സഹോദരൻ നാഗാര്‍ജുനയെ ചലഞ്ച് ചെയ്യുകയായിരുന്നു. 

നാഗാര്‍ജുന ഗ്രീൻ ഇന്ത്യ ചലഞ്ച് ചെയ്‍തത് സാമന്തയെയായിരുന്നു. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടൻ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചതും. നാഗാര്‍ജുനക്കൊപ്പം തൈ നടുന്ന ഫോട്ടോ സാമന്ത പങ്കുവെച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടുവളപ്പില്‍ മൂന്ന് തൈ വെച്ചുവെന്നാണ് സാമന്ത പറയുന്നത്. ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാൻ ആരാധകരോടും സാമന്ത അഭ്യര്‍ത്ഥിച്ചിരുന്നു. കീര്‍ത്തി സുരേഷിനെയും രശ്‍മിക മന്ദാനയെയുമാണ് സാമന്ത ചലഞ്ച് ചെയ്‍തത്. 

നടി കല്യാണി പ്രിയദര്‍ശന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തത് നടി അനുപമ പരമേശ്വരൻ ആണ്.  ഒരു തൈ നട്ടാണ് അനുപമ പരമേശ്വരൻ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായത്. തൈ നടന്നതിന്റെ ഫോട്ടോയും അനുപമ പരമേശ്വരൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്റെ പുതിയ സുഹൃത്ത് കല്യാണിയെ പരിചയപ്പെടുവെന്ന് ആണ് അനുപമ പരമേശ്വരൻ എഴുതിയിരിക്കുന്നത്. കല്യാണി ബ്രസീലിയൻ മള്‍ബെറി ആണ്. ഞങ്ങളുടെ പ്രദേശത്ത് കുറച്ച്  ദിവസം മുമ്പ് 25 തൈകള്‍ നട്ടിരുന്നു. രണ്ട് എണ്ണം കരിഞ്ഞുപോയി.  അത് സങ്കടകരമായി. ഇപ്പോള്‍ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ കുറച്ച് നിയന്ത്രണങ്ങള്‍ ആണ്( അതെ ഞങ്ങള്‍ കണ്ടെയ്‍ൻമെന്റ് സോണ്‍ ആണ്) ഇപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ കുറച്ച് സ്ഥലമേയുള്ളൂ. ഒരു തൈ മാത്രമേ നടാൻ കഴിഞ്ഞുള്ളൂവെന്നും അനുപമ പരമേശ്വരൻ പറയുന്നു.

മഹേഷ് ബാബു ചെയ്‍ത ഗ്രീൻ ഇന്ത്യ ചലഞ്ച് വിജയ് ഏറ്റെടുത്തിരുന്നു. മഹേഷ് ബാബു ശ്രുതി ഹാസനെയും വിജയ്‍യെയും ഗ്രീൻ ഇന്ത്യ ചലഞ്ച് ചെയ്യുകയായിരുന്നു. ഇത് ഏറ്റെടുത്ത വിജയ് വീട്ടില്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോ പങ്കുവെച്ചു.