അനശ്വര രാജന്‍റെ തമിഴ് സിനിമാ അരങ്ങേറ്റം

ചെറിയ ഇടവേളയ്ക്കു ശേഷം തൃഷ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒരുമിക്കുന്ന റാം. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ആദ്യഭാഗം 2023 ല്‍ പുറത്തെത്തും. എന്നാല്‍ റാമിന് മുന്‍പ് മറ്റൊരു ആക്ഷന്‍ ത്രില്ലറിലും തൃഷ നായികയാവുന്നുണ്ട്. അത് തമിഴിലാണ്. എം ശരവണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന രാങ്കി എന്ന ചിത്രമാണ് അത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ സ്നീക്ക് പീക്ക് അണിയറക്കാര്‍ പുറത്തുവിട്ടു.

എങ്കേയും എപ്പോതും, ഇവന്‍ വേറെമാതിരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എം ശരവണന്‍. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലില്‍ റിപ്പോര്‍ട്ടര്‍ ആണ് ചിത്രത്തില്‍ തൃഷയുടെ കഥാപാത്രം. തൈയല്‍ നായകി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുസ്മിത എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സ്വന്തമാക്കിയ അനശ്വരയുടെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയാണിത്. എ ആര്‍ മുരു​ഗദോസിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അല്ലിരാജ സുഭാസ്കരന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കെ എ ശക്തിവേല്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് എം സുബാരക്, സം​ഗീതം സി സത്യ, ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വിതരണവും. തൃഷയുടെ കരിയറിലെ 61-ാം ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. എന്നാല്‍ റീലീസ് നീണ്ടു. കേരളത്തിലും പ്രാധാന്യത്തോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ​ഗോകുലം ​ഗോപാലന്‍റെ ശ്രീ ​ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. 

ALSO READ : വീണ്ടും പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജോജു ജോര്‍ജ്; 'ഇരട്ട' പുതുവര്‍ഷത്തില്‍

Raangi - Sneak Peek | Trisha | M Saravanan | AR Murugadoss | Subaskaran | Lyca productions