പവന്‍ കല്യാണ്‍ അഭിനയിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള അപ്‍ഡേറ്റുകള്‍ തെലുങ്ക് സിനിമാപ്രേമികളിലേക്ക് നിരന്തരമായി എത്തുന്നുണ്ട്. മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ റീമേക്കില്‍ തങ്ങളുടെ 'പവര്‍ സ്റ്റാറി'നെ കാണാനുള്ള ആവേശത്തിലാണ് പവന്‍ കല്യാണ്‍ ആരാധകര്‍. അതേസമയം 'അയ്യപ്പനും കോശിയും' ഒറിജിനലിന്‍റെ ആരാധകരായ മലയാളികളെ നിരാശരാക്കുന്ന ഒരു വാര്‍ത്തയും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്നിരുന്നു. റീമേക്ക്, മലയാളത്തിലേതുപോലെ രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഒരു സിനിമയാക്കാന്‍ പവന്‍ കല്യാണിന് താല്‍പര്യമില്ലെന്നും മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി' തെലുങ്കിലെത്തുമ്പോള്‍ വെട്ടിച്ചുരുക്കി വെറും വില്ലന്‍ റോള്‍ ആക്കുമെന്നുമായിരുന്നു അത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് സംഭാഷണങ്ങള്‍ ഒരുക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവുമായ ത്രിവിക്രം ശ്രീനിവാസ് ആണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിനായി ത്രിവിക്രം വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ പുതിയ റിപ്പോര്‍ട്ട്.

ALSO READ: 'നായകനായി ഒരാള്‍ മതി, തിരക്കഥ തിരുത്തണം'; 'അയ്യപ്പനും കോശിയും' റീമേക്കിന് പവന്‍ കല്യാണിന്‍റെ നിര്‍ദേശം

സംഭാഷണരചയിതാവായി തെലുങ്ക് സിനിമയിലേക്ക് എത്തിയ ത്രിവിക്രം ശ്രീനിവാസ് ടോളിവുഡില്‍ ഏറ്റവും ആദരവ് നേടിയെടുത്ത മുഖ്യധാരാ സിനിമയുടെ രചയിതാക്കളില്‍ ഒരാളാണ്. സംഭാഷണ രചയിതാവെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഒരു നിര സിനിമകളുമുണ്ട് അദ്ദേഹത്തിന്‍റെ ക്രെഡിറ്റില്‍. 'അയ്യപ്പനും കോശിയും' റീമേക്കിന് സംഭാഷണം ഒരുക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് സ്ക്രിപ്റ്റ് സൂപ്പര്‍വിഷനും നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (എന്‍ടിആര്‍ 30) ചിത്രീകരണം ആരംഭിക്കുന്നതുവരെ റീമേക്കിന്‍റെ ചിത്രീകരണസ്ഥലത്തും ത്രിവിക്രം ശ്രീനിവാസിന്‍റെ സാന്നിധ്യമുണ്ടാവും. ഇതിനെല്ലാംകൂടി 10 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ പ്രതിഫലമെന്നാണ് തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍.

 

ടോളിവുഡിലെ മുന്‍നിര ബാനറായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് 'അയ്യപ്പനും കോശിയും' റീമേക്ക് ചെയ്യാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. രവി തേജയെയും റാണ ദഗുബാട്ടിയെയും ടൈറ്റില്‍ കഥാപാത്രങ്ങളാക്കി സിനിമയൊരുക്കാനായിരുന്നു ആദ്യതീരുമാനമെങ്കില്‍ പിന്നീട് അതു മാറി. പവന്‍ കല്യാണ്‍ പ്രോജക്ടിലെത്തിയതോടെ സിനിമയുടെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതായിവന്നു. റീമേക്ക് ഒരു ഒറ്റ നായക ചിത്രമായി കാണാനാണ് പവന്‍ കല്യാണിന് താല്‍പര്യമെന്നും അതിനുവേണ്ട രീതിയില്‍ മുഴുവന്‍ തിരക്കഥയും മാറ്റിയെഴുതണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശമെന്നും തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പവന്‍ കല്യാണിന്‍റെ താരപരിവേഷം മുന്നില്‍ക്കണ്ട് ക്ലൈമാക്സ് സീക്വന്‍സുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യത്യാസങ്ങള്‍ വരുത്തുമെന്നും തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിച്ച്, അതേവര്‍ഷം വേനലവധിക്കാലത്ത് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ആലോചന.