സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ  ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്കും അധിക്ഷേപങ്ങൾക്കും വായടപ്പിക്കുന്ന മറുപടിയാണ് തപ്‌സി നൽകാറുളളത്. ഇത്തരത്തിൽ താരം നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ  വൈറലാവുന്നത്.

അഭിനയം അറിയാത്ത ‘ഫാല്‍തു ഹീറോയിനാണെന്ന്’ പറഞ്ഞതിനാണ് നടി മറുപടി നൽകിയിരിക്കുന്നത്. ‘നിനക്കൊരു അഭിനയവും അറിയില്ല, എന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ എന്നായിരുന്നു കമന്റ്. ‘ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്, നിങ്ങള്‍ക്ക് അത് മനസിലാവാന്‍ സാധ്യതയില്ല’ എന്നായിരുന്നു താരത്തിന്റെ മറുപടി. തപ്സിയുടെ മറുപടിയെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

‘തപ്പട്’ ആണ് തപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രശ്മി റോക്കറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ആകര്‍ഷ് ഖുറാനയാണ് രശ്മി റോക്കറ്റിന്റെ സംവിധായകന്‍.  പ്രിയന്‍ഷ് പെയിന്‍യൂലിയാണ് സിനിമയില്‍ തപ്‌സിയുടെ ഭര്‍ത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.