വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് തെന്നിന്ത്യൻ താരം സാമന്ത. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദി ഫാമിലി മാന്റെ' രണ്ടാം സീസണാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. തിരിക്കുകൾക്കിടയിലും സാമന്ത ആരാധകരുമായി സംവാദിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം ആരാധകരുമായി പങ്കുവച്ച തുറന്നുപറച്ചിലുകൾ ശ്രദ്ധനേടുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകളെ കുറിച്ചാണ് സാമന്ത പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് താരം തുറന്നു പറഞ്ഞത്. ഒരുകാലത്ത് തന്റെ ഉറക്കം കെടുത്തിയിരുന്ന ഒന്നായിരുന്നു ട്രോളുകളെന്ന് സാമന്ത പറയുന്നു. 

‘വിചിത്രമായിത്തോന്നും, പക്ഷേ അവ എന്നെ ഇനി ബാധിക്കില്ല. അവര്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ ശരിക്കും അതോര്‍ത്ത് ചിരിക്കുകയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എത്രമാത്രം വളര്‍ന്നുവെന്ന് മനസിലാക്കാന്‍ ഇതെന്നെ സഹായിക്കും‘എന്നാണ് സാമന്ത പറഞ്ഞത്.

2018ല്‍ ബിക്കിനിയില്‍ ധരിച്ചുള്ള തന്റെ ചിത്രം സാമന്ത സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു. അവധി ആഘോഷിക്കുന്ന താരത്തിന്റെ വളരെ കൂളായ ഒരു ചിത്രമായിരുന്നു അത്. എന്നാല്‍, ഇതിന് പിന്നാലെ തന്നെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനും നടനുമായ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വിവാഹ സമയത്തും ചില ട്രോളുകള്‍ താരത്തിനെതിരെ വന്നു. ഇവയിൽ പലതിനും സാമന്ത മറുപടി നല്‍കിയിരുന്നു.