'ട്രൂ ബ്യൂട്ടി' എന്ന കെ ഡ്രാമയുടെ റിവ്യു.
സൗന്ദര്യ സംരക്ഷണത്തിന് കൊറിയയിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ട്. കാണാൻ എങ്ങനെ, സൗന്ദര്യം ഉണ്ടോ, ചർമം തിളങ്ങുന്നുണ്ടോ, പാടുകളും കുരുക്കളും ഉണ്ടോ, തടിച്ചിട്ടാണോ എന്നീ ചോദ്യങ്ങൾക്ക് കൊറിയയിൽ വലിയ വിലയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് സർജറി നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കൊറിയ. കാഴ്ചാഗുണത്തിന്റെ പേരിലാണ് അവിടെ ശ്രദ്ധിക്കപ്പെടുക എന്നത് യാഥാർത്ഥ്യം ആണ്. സ്‍കൂളുകളിലും കോളേജുകളിലും റാഗിങ് ഇരയാകുന്നവരിൽ കൂടുതലും മുഖത്ത് കുരു ഉള്ളവരോ ഗ്ലാസ് സ്‍കിൻ എന്ന് അറിയപ്പെടുന്ന തിളങ്ങുന്ന പാടുകളില്ലാത്ത ചർമം ഇല്ലാത്തവരോ ആണ്. വ്യക്തിത്വത്തെ ഹനിക്കുന്ന ഈ പൊതുരീതി പശ്ചാത്തലമായി നിരവധി കെ ഡ്രാമകൾ ഇറങ്ങിയിട്ടുണ്ട്. ആത്മ സൗന്ദര്യവും വ്യക്തിത്വ ഗുണവും എത്ര പ്രധാനമാണ് എന്ന് പറയാതെ പറഞ്ഞ്, കാഴ്‍ചാഗുണത്തിന്റെ പിന്നാലെ പായുന്ന യുവതലമുറയുടെ തലയിൽ വെളിച്ചം വീഴ്ത്താൻ ശ്രമിക്കുന്ന പരമ്പരകൾ ആണ് അവ. അതിൽ ഒന്നാണ് 'ട്രൂ ബ്യൂട്ടി'.
വിദ്യാർത്ഥിനിയായ ജു ക്യുങ് സ്ഥിരമായി റാഗ് ചെയ്യപ്പെടാറുണ്ട്. കാണാൻ ഭംഗിയില്ല എന്നു പറഞ്ഞാണ് പരിഹാസം. പൊറുതിമുട്ടിയിരിക്കുമ്പോഴാണ് വീട്ടിലെ സാഹചര്യം കാരണം അവൾക്ക് സ്‍കൂൾ മാറേണ്ടി വരുന്നത്. പുതിയ സ്‍കൂളിലേക്ക് അവൾ എത്തുന്നത് പുതിയ തീരുമാനവും ആയിട്ടാണ്. നന്നായി മേക്കപ്പ് ചെയ്‍ത് മുഖക്കുരുവും പാടുകളും ഒളിപ്പിച്ചു വെച്ചിട്ടാണ് ജു ക്യുങ് വന്നത്. അത് അവൾക്ക് ഗുണം ചെയ്‍തു. ഒപ്പം പഠിക്കുന്നവർ അവളെ ദേവതയെന്ന് വിശേഷിപ്പിച്ചു, ആരും അവളെ കളിയാക്കിയില്ല. സംഗതി ഇഷ്‍ടമായി എങ്കിലും സത്യത്തിൽ നിന്നുള്ള ഒളിച്ചുകളി അവൾക്ക് സമ്മർദം ഏറ്റുന്നുണ്ടായിരുന്നു.

ജു ക്യുങ്ങിന്റെ സ്‍കൂളിൽ ഏറ്റവും പോപ്പുലർ രണ്ട് ആൺകുട്ടികളാണ്. ലീ സു ഹോ, ഹാൻ സ്യോ ജുൻ. സു ഹോ നല്ല കാശുള്ള വീട്ടിലെയാണ്. നന്നായി പഠിക്കും. സ്യോ ജുൻ നന്നായി പാടും. രണ്ടു പേർക്കും പരസ്പരം കണ്ടുകൂടാ. പണ്ട് അവർ നല്ല കൂട്ടുകാർ ആയിരുന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനൊപ്പം ആ ചങ്ങാത്തവും പോയി. മൂന്നു പേരും കൂടി പാട്ടുകൾ ഉണ്ടാക്കിയിരുന്നവരാണ്. ഇപ്പോൾ അതെല്ലാം ഓർമകൾ മാത്രം. സു ഹോയും സ്യോ ജുന്നും തമ്മിൽ കണ്ടാൽ പരസ്‍പരം ചൊറിയും. അവരുടെ ഇടയിലെ പ്രശ്‍നങ്ങളും വേദനയും കഥ പുരോഗമിക്കുന്നതിനിടെ പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്.
യാദൃച്ഛികമായി സു ഹോ , ജു ക്യുങ്ങിന്റെ മേക്കപ്പില്ലാത്ത മുഖം കണ്ടു. ആദ്യം ക്യുങ് വല്ലാതെ ടെൻഷൻ അടിച്ചു. അവനത് ഒരു പ്രശ്‍നമേ അല്ലെന്ന ബോധ്യം അവൾക്ക് സന്തോഷമായി. ചെറിയ തെറ്റിദ്ധാരണകളും പിണക്കങ്ങളും തല്ലുകൂടലും ഒക്കെ കഴിഞ്ഞ് രണ്ടു പേരും പരസ്‍പരം പ്രണയം പറഞ്ഞു. ഇതിനിടയിൽ സ്യോ ജുന്നിനും ജു ക്യുങ്ങിനോട് ഇഷ്‍ടം തോന്നുന്നുണ്ട്.

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി മുന്നോട്ടു പോകുന്ന സു ഹോക്കും ജു ക്യുങ്ങിനും ഇടയിൽ കുടുംബക്കാരും കൂട്ടുകാരും ഒക്കെ അവരവരുടേതായ രീതികളിൽ ഇടപെടുകയും വന്നു പോവുകയും ചെയ്‍തു. പ്രത്യേകിച്ചും എടുത്തു പറയേണ്ട ഒന്ന്, ജു ക്യുങ്ങിന്റെ ചേച്ചിയും അവളുടെ സ്‍കൂളിലെ അധ്യാപകനും തമ്മിലുള്ള പ്രണയവും വിവാഹവും ആണ്. പിന്നെ കൂട്ടുകാർ തമ്മിലുള്ള ബന്ധവും.
കണ്ടിരിക്കാൻ രസമുള്ള പരമ്പര. മുഖസൗന്ദര്യമോ ശരീരസൗന്ദര്യമോ അല്ല, വ്യക്തിത്വവും സ്വഭാവവും ആണ് നിങ്ങളെ നിർണയിക്കുന്നതെന്ന , ഏറ്റവും വലിയ ആകർഷണമെന്ന പാഠമാണ് 'ട്രൂ ബ്യൂട്ടി' പറയാതെ പറയുന്നത്.
