ദുബൈ സിറ്റി സെന്‍റര്‍ മിര്‍ഡിഫിലെ വോക്സ് സിനിമാസിലാണ് പ്രിവ്യൂ നടന്നത്

മമ്മൂട്ടിയുടെ ഒടുവിലത്തെ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മെയ് 23 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഓപണിംഗ് അടക്കമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ മലയാള സിനിമയില്‍ ആദ്യമായി ടര്‍ബോയുടെ അറബിക് പതിപ്പ് പ്രദര്‍ശനത്തിനെത്തുകയാണ്. ജിസിസിയില്‍ ഉടനീളം ചിത്രം നാളെ (ഓഗസ്റ്റ് 2) പ്രദര്‍ശനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറബിക് പതിപ്പിന്‍റെ പ്രിവ്യൂ ദുബൈയില്‍ നടത്തി.

ദുബൈ സിറ്റി സെന്‍റര്‍ മിര്‍ഡിഫിലെ വോക്സ് സിനിമാസിലാണ് പ്രിവ്യൂ നടന്നത്. ഇവിടെ നിന്നുള്ള പ്രതികരണങ്ങള്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഏറെ ആവേശത്തോടെയാണ് തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിയെത്തിയ മലയാള ചിത്രത്തെ കാണികള്‍ സ്വീകരിച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ പ്രശംസിക്കുന്നവരെയും കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ മൊഴിമാറ്റി എത്തണമെന്ന് പറയുന്നവരെയുമൊക്കെ വീഡിയോയില്‍ കാണാം.

മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമാണ് ടര്‍ബോ നേടിയത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് സോണി ലിവിലൂടെ ഈ മാസമാണ്. 

ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം