സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെത്തുടര്‍ന്ന് (Kerala State Film Awards 2022) ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി ഉടല്‍ (Udal) സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍. സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രമാണിത്. തന്‍റെ ചിത്രം പുരസ്‍കാര നിര്‍ണ്ണയത്തില്‍ പങ്കെടുത്തിരുന്നുവെന്നും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദിക്കരുതെന്നും രതീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ഇന്ദ്രന്‍സ് (Indrans), ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രതീഷിന്‍റെ കന്നി സംവിധാന സംരംഭമാണ് ഉടല്‍.
രതീഷ് രഘുനന്ദന്‍റെ കുറിപ്പ്
ഇന്നലെയും ഇന്നുമായി ഒരുപാടു പേർ വിളിച്ച് ചോദിക്കുന്നത് കൊണ്ടു മാത്രമാണ് ഈ വിശദീകരണം. അതെ, ഉടൽ എന്ന എന്റെ ആദ്യ സിനിമയും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണ്ണയത്തിൽ പങ്കെടുത്തിരുന്നു. ഉടൽ റിലീസായ അന്നു മുതൽ ഈ നിമിഷം വരെ ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ വലിയ പ്രതീക്ഷ ള്ളവാക്കി എന്നത് സത്യം. അവകാശവാദങ്ങൾ ഒന്നുമില്ല. നിശാശയുണ്ടോയെന്ന് ചോദിക്കരുത്. മറുപടി പരിഹസിക്കപ്പെട്ടേക്കാം. കുട്ടിച്ചായനും ഷൈനിയും പുരസ്കൃതരാണ്, ലക്ഷങ്ങളുടെ നല്ല വാക്കുകളാൽ...

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ശ്രീ ഗോകുലം മൂവീസ് തിയറ്ററുകളിലെത്തിച്ച ചിത്ര രണ്ടാം വാരത്തില്‍ തിയറ്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
