തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാണ, വിതരണ കമ്പനികളിലൊന്നാണ് റെഡ് ജയന്‍റ് മൂവീസ്
ചെന്നൈ: നടനും നിര്‍മ്മാതാവും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ മകനും സിനിമാ രംഗത്തേക്ക്. ഉദയനിധി സ്റ്റാലിന്‍ 2008 ല്‍ ആരംഭിച്ച നിര്‍മ്മാണ, വിതരണ കമ്പനിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ തലപ്പത്തേക്കാണ് 21 കാരനായ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈയുടെ വിതരണം റെഡ് ജയന്‍റ് ആണ്. ഈ ചിത്രത്തോടെയാണ് ഇന്‍പനിധി ചുമതല ഏറ്റെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാണ, വിതരണ കമ്പനികളിലൊന്നാണ് റെഡ് ജയന്‍റ് മൂവീസ്. 2008 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം കുരുവി മുതല്‍ രവി മോഹന്‍ നായകനായ കാതലിക്ക നേരമില്ലൈ വരെ നിരവധി ചിത്രങ്ങള്‍ റെഡ് ജയന്‍റ് നിര്‍മ്മിച്ചിട്ടുണ്ട്. വിതരണം ചെയ്ത ചിത്രങ്ങള്‍ ഇതിന്‍റെ പല മടങ്ങ് വരും. ബിഗ് കാന്‍വാസ് തമിഴ് ചിത്രങ്ങളില്‍ ഒരു വലിയ ശതമാനവും വിതരണം ചെയ്യുന്നത് ഇന്ന് റെഡ് ജയന്‍റ് ആണ്. റെഡ് ജയന്റ് നിർമ്മാതാക്കളെയും നടന്മാരെയും ഭീഷണിപ്പെടുത്തി സിനിമകൾ ഏറ്റെടുക്കുന്നതായി എടപ്പാടി പളനിസാമിയും കെ അണ്ണാമലൈയും ആരോപിച്ചിരുന്നു. കലൈഞ്ജർ ടിവി മാനേജ്മെന്റിലും ഇപ്പോൾ ഇൻപനിധി ഉണ്ട്.
അതേസമയം ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനാവുന്ന ഇഡ്‍ലി കടൈയില്‍ നായികയാവുന്നത് നിത്യ മേനന്‍ ആണ്. തിരുച്ചിദ്രമ്പലം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രവും. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

