വിജയ് സേതുപതി ചിത്രത്തിനായാണ് ഉദിത് നാരായണ്‍ പാടുന്നത്.

രാജ്യത്ത് വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് ഉദിത് നാരായണ്‍. ഏഴ് വര്‍ഷത്തിന് ശേഷം ഉദിത് നാരായണ്‍ തമിഴ് ചിത്രത്തിനായി പാടുന്നുവെന്നാണ് പുതിയ വാര്‍ത്ത. വിജയ് സേതുപതി നായകനാകുന്ന 'ഡിഎസ്‍പി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഉദിത് നാരായണ്‍ പാടുന്നത്. ജി വി പ്രകാശ് കുമാറിന്റെ സംഗീത സംവിധാനത്തില്‍ 'ഇതു എന്ന മായം' എന്ന ചിത്രത്തിനു വേണ്ടിയാണ് ഉദിത് നാരായണ്‍ ഏറ്റവും ഒടുവില്‍ തമിഴില്‍ പാടിയത്.

പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. 'ഡിഎസ്‍പി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം 'മെറി ക്രിസ്‍മസ്' റിലീസ് അടുത്തവര്‍ഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് പ്രീതം ആണ്.

വിജയ് സേതുപതി ബോളിവുഡ് ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‍ലീ സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ് ചിത്രത്തില്‍ നായകനാകുന്നത്. 'ജവാൻ' എന്ന ചിത്രത്തില്‍ നയൻതാര നായികയാകുമ്പോള്‍ സാന്യ മല്‍ഹോത്ര, പ്രിയാമണി, ദീപിക പദുക്കോണ്‍, സുനില്‍ ഗ്രോവര്‍ എന്നിവരും അഭിനയിക്കുന്നു. റുബൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജി കെ വിഷ്‍ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Read More: ഒരു യുഗത്തിന്റെ അന്ത്യം, കൃഷ്‍ണയ്‍ക്ക് ആദരാഞ്‍ജലിയുമായി താരങ്ങള്‍