പാറ്റ്‌ന: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ മരണത്തില്‍ അന്വേഷണം പുരോഗമിക്കെ നടി റിയ ചക്രബര്‍ത്തിയെ കണ്ടെത്താനായില്ലെന്ന് ബിഹാര്‍ പൊലീസ്. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

'അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കേസ് കോടതിയിലാണ്... റിയ ചക്രബര്‍ത്തിയെ കണ്ടെത്താനായിട്ടില്ല. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്' - ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. 

നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ തനിക്കെതിരെ ബീഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി റിയാ ചക്രബര്‍ത്തി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

നേരത്തെ സുശാന്തിന്റെ അച്ഛനും തടസഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടിയിലേറെ രൂപ റിയ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണം സുശാന്തിന്റെ അച്ഛന്‍ ബീഹാര്‍ പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.

എന്നാല്‍ അത്തരം വലിയ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് സുശാന്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. അതേസമയം ബീഹാര്‍ പൊലീസിന് അനുവാദം വാങ്ങാതെ മുംബൈയില്‍ കേസന്വേഷണം നടത്താനാവില്ലെന്ന് സംസ്ഥാനത്തെ ആഭ്യന്തര സഹമന്ത്രി ശംഭുരാജ് ദേശായി പറഞ്ഞു.

മുംബൈയിലുള്ള ബിഹാര്‍ പൊലീസ് സംഘം സുശാന്തിന്റെ സുഹൃത്തും നടിയുമായി അങ്കിതാ ലോക്കണ്ടെയുടേയും സുശാന്തിനൊപ്പമുണ്ടായിരുന്ന പാചകക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ പേരിലുള്ള കമ്പനികള്‍ മറയാക്കി കാമുകി റിയ ചക്രബര്‍ത്തിയും സഹോദരനും കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റ് ബീഹാര്‍ പൊലീസില്‍ നിന്ന് എഫ്‌ഐആറിന്റെ പകര്‍പ്പും സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഒരു വര്‍ഷമായി സുശാന്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ജൂണ്‍ എട്ടിനാണ് വീട് വിട്ടുപോന്നതെന്നും റിയ സുപ്രീംകോടതിയെ അറിയിച്ചിരുന്നു ജൂണ്‍ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്ത് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും റിയ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.