കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ ആശുപത്രിയുടെ വാദങ്ങൾ തള്ളുന്നതാണ്.

പത്തനംതിട്ട : കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന ആരോപണവുമായി ബന്ധുക്കൾ. കായംകുളം താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ചികിത്സ നൽകിയതിൽ വീഴ്ചയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സെലീനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

കായംകുളം കൊറ്റുകുളങ്ങരയിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് 42കാരി സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. കാറിൽ കയറുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് ആന്റി വെനം നൽകാതിരുന്നതെന്നാണ് വിശദീകരണം. 

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെലീനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. താലൂക്ക് ആശുപത്രിയുടെ വാദങ്ങൾ തള്ളുന്നതാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ. പാമ്പ് കടിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. ശരീര ഭാഗങ്ങളിൽ കടും നീല നിറവും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.